ഗൾഫ് ഒഴിവാക്കി നാട്ടിൽ നല്ല വരുമാനം സ്വപ്നം കാണുന്നവർക്കിതാ ഒരു മാതൃക
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തന്നെ സ്ഥിരമായി ഒരു നല്ല വരുമാനം സ്വപ്നം കാണുന്ന നിരവധി പ്രവാസി സുഹൃത്തുക്കളാണുള്ളത്. ഇങ്ങനെയുള്ളവർക്ക് ഒരു മാതൃകയാക്കാൻ കഴിയുന്ന വ്യക്തിയെയും അദ്ദേഹത്തിൻ്റെ പദ്ധതികളെയും കുറിച്ച് പരിചയപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്. ആതവനാട് ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ പ്രദേശത്ത് സ്വന്തം പറമ്പിൽ സ്ഥലം കണ്ടെത്തി ഒരു ചകിരി മില്ല് തുടങ്ങാൻ തീരുമാനിച്ച മുസ്തഫയുടെ അനുഭവമാണിത്. മുസ്തഫയെ പരിചയപ്പെടുത്തുന്നത് കേരളത്തിൻ്റെ ധനകാര്യ മന്ത്രി ശ്രീ: തോമസ് ഐസക്കും. മന്ത്രിയുടെ തന്നെ സോഷ്യൽ മീഡിയ വാളിൽ അദ്ദേഹം മുസ്തഫയെക്കുറിച്ച് പരിചയപ്പെടുത്തുന്ന പോസ്റ്റിലേക്ക് പോകാം. മന്ത്രി എഴുതുന്നു:
മുസ്തഫ 20 വർഷം മുമ്പ് അബുദാബിയിൽ ഡ്രൈവറായി പോയതാണ്. പിന്നെ ഒരു ഇലക്ട്രിക് കടയിട്ടു. പ്രവാസം മതിയാക്കി നാട്ടിൽ വന്നിരിക്കുകയാണ്. എന്തായിരിക്കും നല്ലൊരു സ്വയംതൊഴിൽ? ഒരു ചകിരിമില്ല് ഇടാൻ തീരുമാനിച്ചു.
ആതവനാട് പഞ്ചായത്തിലെ കരിപ്പോൾ പ്രദേശത്ത് സ്വന്തം പറമ്പിൽ സ്ഥലവും കണ്ടെത്തി. ഷെഡ്ഡും ഇലക്ട്രിസിറ്റിയുമടക്കം 20 ലക്ഷം രൂപ മുതൽ മുടക്കുണ്ട്. ഇതിന്റെ പകുതി സബ്സിഡിയായി സർക്കാരിൽ നിന്നും ലഭിക്കേണ്ടതാണ്. ആലപ്പുഴ മെഷീൻ ഫാക്ടറിയിൽ നിന്നാണ് യന്ത്രം വാങ്ങിയത്. 12 ലക്ഷം രൂപയുടെ യന്ത്രത്തിന് ആറു ലക്ഷമേ അടയ്ക്കേണ്ടി വന്നുള്ളൂ. ബാക്കി സബ്സിഡിയായി യന്ത്രഫാക്ടറിക്ക് സർക്കാർ നൽകും. 70-75 പൈസയ്ക്ക് തൊണ്ട് സുലഭമായി പഞ്ചായത്തിൽ നിന്നുതന്നെ ലഭിക്കും. ചകിരിയാണെങ്കിൽ 23 രൂപയ്ക്ക് കയർഫെഡ് ഏറ്റുവാങ്ങിക്കൊളളും. ചകിരിയുടെ 2-3 മടങ്ങ് തൂക്കത്തിൽ ചകിരിച്ചോറ് ഉണ്ടാകും. അത് കിലോയ്ക്ക് 5 രൂപയ്ക്ക് വാങ്ങാൻ മലപ്പുറം പ്രദേശത്തെ കോഴിഫാമുകാർ ക്യൂ നിൽക്കുകയാണ്. പിന്നെയുള്ളത്, കുട്ടി ഫൈബറാണ്. ഇത് വാങ്ങാൻ ചേർത്തലയിൽ ഒരു ഫാക്ടറിയും കണ്ടെത്തിയിട്ടുണ്ട്.
ആകെ നാലുപേരാണ് പണിക്ക്. മുസ്തഫ തന്നെ മേൽനോട്ടക്കാരനും മുഖ്യതൊഴിലാളിയും. കൂടെ അയൽക്കാരൻ മാനു എന്നു വിളിക്കുന്ന കുഞ്ഞുമുഹമ്മദും മുഴുവസമയ ജോലിക്കാരാനായി കൂടെയുണ്ട്. രണ്ട് സ്ത്രീകളെ സഹായികളായി എടുത്തിട്ടുണ്ട്. രാവിലെ 9 മണിക്ക് തുടങ്ങിയാൽ 4 മണിയാകുമ്പോഴേയ്ക്കും 5000-6000 പച്ചത്തൊണ്ട് ചകിരിയാകും. മാനുവും മുസ്തഫയും കൂടി യന്ത്രങ്ങളെല്ലാംകൂടി വൃത്തിയാക്കാൻ ഒരുമണിക്കൂറെടുക്കും. അതുകഴിഞ്ഞാണ് തൊണ്ട് ശേഖരണം. അതും ഇവർ തന്നെ.
ഒരു ദിവസം എത്ര ലാഭമുണ്ട്?. അത് ബിസിനസ് രഹസ്യം, പറയില്ല. ഒരു ദിവസം 5000 രൂപയിലേറെ കിട്ടുമെന്നാണ് എന്റെ മനക്കണക്ക്. എന്റെ ഒരു മനക്കണക്കാണേ. ഏതായാലും മുസ്തഫ തൃപ്തനാണെന്നു വ്യക്തം. അത്തരമൊരു ഉദ്ഘാടന ചടങ്ങാണ് മില്ലിന് അദ്ദേഹം സംഘടിപ്പിച്ചത്. യഥാർത്ഥത്തിൽ തുടങ്ങിയിട്ട് രണ്ട് മാസമായി. തുടങ്ങിയപ്പോൾ മുതൽ ഉദ്ഘാടനത്തിനായി എന്നെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബം മുഴുവനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു സദസ്സ്. സ്വാഗതം പറഞ്ഞത് ബാംഗ്ലൂരിൽ അനസ്തേഷ്യ പോസ്റ്റ്ഗ്രാജ്യുവേറ്റ് ഡിപ്ലോമയ്ക്ക് പഠിക്കുന്ന മൂത്തമകൾ റുബീന. അദ്ധ്യക്ഷൻ എംഎൽഎ മമ്മൂട്ടി, നന്ദി മുസ്തഫ, ആശംസ മറ്റൊരു ചകിരി സംരംഭകനായ മുർഷാദ്. ഇദ്ദേഹത്തിന്റെ ചകിരിച്ചോറ് സംരംഭത്തെക്കുറിച്ച് ഞാൻ പിന്നീടെഴുതാം. പഞ്ചായത്ത് പ്രസിഡന്റും മെഷീൻ ഫാക്ടറിയുടെ ചെയർമാനും എംഡിയും പ്രോജക്ട് ഓഫീസറും എല്ലാവരും സന്നിഹിതരായിരുന്നു.
ഗൾഫിൽ നിന്നും പലരും പ്രവാസം മതിയാക്കി വരികയാണ്. അവർക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്വയംതൊഴിലാണ് ചകിരിമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. സംശയമുള്ളവർക്കു മുസ്തഫയോടു തന്നെ ചോദിക്കാം. ഫോൺ – 9605287013.
ഏതായാലും ഗൾഫ് ഒഴിവാക്കി നാട്ടിൽ കൂടാൻ ഉദ്ദേശിക്കുന്നവർക്ക് മുസ്തഫയുടെ അനുഭവവും മന്ത്രിയുടെ പോസ്റ്റും ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa