Saturday, November 23, 2024
Riyadh

ചൂഷണത്തിനെതിരെ പോരാടാൻ കമ്മ്യൂണിസമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമില്ല : അനിൽ പനച്ചൂരാൻ

റിയാദ്: ചൂഷണത്തിനും അസമത്വത്തിനുമെതിരെ പോരാടാൻ കമ്മ്യൂണിസമല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമില്ലെന്നു അനിൽ പനച്ചൂരാൻ.

റിയാദ് നവോദയ സംഘടിപ്പിച്ച അനിൽ പനച്ചൂരാനൊപ്പം ഒരു കാവ്യസന്ധ്യ എന്ന പരിപാടിയിൽ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് കവി ഇത് പറഞ്ഞത്. ചോദ്യങ്ങളും കുറിക്കുകൊള്ളുന്ന മറുപടികളുമായി സമ്പന്നമായിരുന്നു കാവ്യസന്ധ്യ.

ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് താൻ പഠിച്ചത്, ഉപരി പഠനം കേരളത്തിന് പുറത്തായിരുന്നു. സ്കൂളിൽ ഔദ്യോഗികമായി മലയാളം പഠിച്ചിട്ടില്ല. പക്ഷേ മലയാളത്തിൽ എഴുതാനായിരുന്നു നിയോഗം.

താൻ മലയാളം പഠിക്കുന്നതോ സംഗീതം പഠിക്കുന്നതോ എന്റെ അച്ഛനിഷ്ടമായിരുന്നില്ല, പക്ഷേ അത് രണ്ടും എന്റെ രക്തത്തിലുണ്ടായതുകൊണ്ടാവും ഞാൻ ചൊല്ലുന്ന കവിയായത്. മനസ്സ് നിറഞ്ഞുകവിയുമ്പോഴാണ് ഞാൻ കവിതകൾ എഴുതാറുള്ളതെന്നും കടമ്മിനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കവി കൂട്ടിച്ചേർത്തു.

ശ്രോതാക്കൾ ഉന്നയിച്ച വിവിധ ചോദ്യങ്ങളോട് സരസമായും എന്നാൽ അകക്കാമ്പുള്ളതുമായ മറുപടിയാണ് കവി നൽകിയത്.
ആധുനിക കമ്മ്യുണിസം ശരിയായ പാതയിലാണോ പോകുന്നതെന്ന  ചോദ്യത്തിന്, ആധുനിക കമ്മ്യൂണിസമെന്നൊരു ഇസം ഇല്ലെന്നും എന്നാൽ കമ്മ്യൂണിസം എന്നും പ്രസക്തമാണെന്നുമായിരുന്നു മറുപടി.

കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ വ്യക്തികളുടെ പ്രശ്നങ്ങൾ ആ ആശയവുമായി കൂട്ടിച്ചേർക്കരുത്. കാരണം ചൂഷണത്തിനും അസമത്വത്തിനും അതല്ലാതെ മറ്റൊരു ബദലില്ല. ബദലുണ്ടെകിൽ നിങ്ങൾ പറയൂ, എന്ന കവിയുടെ മറുചോദ്യത്തിന് മൗനമായിരുന്നു ഉത്തരം.

കമ്മ്യുണിസ്റ്റ് പാർട്ടി അക്രമത്തിന്റെ പാതയിലല്ലേ എന്ന ചോദ്യത്തിന് താൻ എല്ലാ പാർട്ടികളുടേയും അക്രമങ്ങൾക്കെതിരാണെന്ന് പറഞ്ഞ കവി തന്റെ തന്നെ കവിത ഉദ്ധരിച്ചാണ് മറുപടി നൽകിയത്.

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണതോർക്കണം

കണ്ണൂരിലെ തുടർച്ചയായ അക്രമങ്ങൾക്ക് രാഷ്രീയം മാത്രമല്ല കാരണമെന്നും  കവി ചൂണ്ടിക്കാണിച്ചു.

കവിതയെ കമ്പോളവൽക്കരിക്കുന്നു എന്ന ആക്ഷേപത്തിന്, കവിത വായിക്കാൻ മാത്രമല്ല ചൊല്ലാനും കേൾക്കാനും കൂടിയുള്ളതാണെന്നു കവി ഓർമ്മിപ്പിച്ചു. കുഞ്ചൻ നമ്പ്യാർ തൊട്ടു കടമ്മനിട്ടയെ പോലുള്ളവർ അതിൽ മാതൃകകളാണ്.

എഴുത്തും വായനയും അറിയാത്ത തലമുറകൾ കവിത വായിച്ചല്ല, കേട്ടാണ് പഠിച്ചത്. കവിത ജനങ്ങളിലെത്താൻ ഇന്നത്തെ മാർഗ്ഗങ്ങൾ താൻ ഉപയോഗിക്കുന്നുവെന്ന് മാത്രം.

പുരാണങ്ങളുടെ അമിത സ്വാധീനം അക്രമങ്ങൾക്ക് പ്രേരണയും ന്യായവും നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് പുരാണങ്ങൾ ശരിയായി മനസ്സിലാക്കാത്തതിന്റെ പ്രശ്‌നമാണതെന്നായിരുന്നു മറുപടി.

സിനിമാ ഗാനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സിനിമയുടെ പശ്ചാത്തലമാണ് ഒരു പാട്ടുകൾ സൃഷ്ടിക്കുന്നത്. അങ്ങനെയൊന്നാണ് ജിമിക്കി കമ്മൽ. തന്റെ കൊച്ചുമകൻ താൻ പാട്ടെഴുത്തുകാരാണെന്നാണറിയുന്നത് ആ പാട്ടു ഹിറ്റായതിനുശേഷമാണ്.

പ്രവാസികൾ ആവശ്യപ്പെട്ട കവിതകളും ചൊല്ലിയാണ് കാവ്യസന്ധ്യ അവസാനിച്ചത്.

കുമ്മിൾ സുധീർ ചർച്ച നിയന്ത്രിച്ചു. കവിയുടെ രചനകളെക്കുറിച്ച് എഴുത്തുകാരി സബീന എം സാലി ആമുഖ പ്രഭാഷണം നടത്തി. സജി കായംകുളം പനച്ചൂരാൻ കവിത ചൊല്ലി. യവനിക, റിഫ, കൊപ്ര എന്നീ   സംഘടനകൾ ഫലകവും ഷാളും പുസ്തകവും നൽകി കവിയെ ആദരിച്ചു.  

മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. പൂക്കോയ തങ്ങൾ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa