Monday, November 25, 2024
GCCTop Stories

ഗൾഫിൽ മലയാളികളുടെ മരണം 100 കടന്നു. കേന്ദ്ര സർക്കാർ ഇപ്പോഴും മെല്ലെപ്പോക്കിൽ തന്നെ.

റിയാദ്: ഗൾഫിൽ മലയാളികളുടെ മരണം നൂറ് കടക്കുമ്പോഴും ഇന്ത്യൻ സർക്കാർ നയങ്ങൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ്. നിരവധി ആക്ഷേപങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ എംബസികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

മലയാളികളടക്കമുള്ള ഇന്ത്യയിലെ പ്രവാസികളുടെ വലിയ പരാതികൾക്കും മുറവിളികൾക്കും ശേഷമാണ് കേന്ദ്ര സർക്കാർ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി തയ്യാറെടുക്കുന്ന വിവരം തന്നെ പുറത്തു വരുന്നത്.

ഇതിനിടെ പ്രതീക്ഷ നഷ്ടപ്പെട്ട ചില പ്രവാസി സംഘടനകൾ സുപ്രീം കോടതിയിൽ പരാതി കൊടുക്കുന്ന അവസ്ഥപോലുമുണ്ടായി. ലോകത്തെ മിക്ക രാജ്യങ്ങളും സ്വന്തം പൗരന്മാരെ സ്വരാജ്യങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കേ ഇന്ത്യൻ സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിഷേധാത്മക നിലപാട് ഒരുവേള നയതന്ത്ര ബന്ധങ്ങളിൽ പോലും വിള്ളിച്ചയുണ്ടാകുന്ന തലത്തിലെത്തി.

സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ മടിക്കുന്ന രാജ്യങ്ങൾക്ക് വിസ നിയന്ത്രണമടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് യുഎഇ പ്രഖ്യാപിച്ചു. കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനൊപ്പം പൊതുമാപ്പ് നേടിയ എല്ലാവരെയും സ്വന്തം ചിലവിൽ അതത് നാടുകളിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. അവിടെയും കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടായിരുന്നു വില്ലൻ.

അവസാനം ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ഈ മാസം 7 മുതൽ ഇന്ത്യയിലേക്ക് കോവിഡ് ബാധിതരല്ലാത്തവരെയും വഹിച്ച് വിമാനങ്ങൾ പറന്നു തുടങ്ങിയത്. അപ്പോഴേക്കും നൂറുകണക്കിനു ഇന്ത്യൻ പ്രവാസികൾ കോവിഡ് ബാധിതരായി മരണപ്പെട്ടിരുന്നു.

ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന പ്രവാസികളിൽ നിന്ന് ടിക്കറ്റിനു അന്യായ വില ഈടാക്കിയാണ് കേന്ദ്ര സർക്കാർ ഈ ‘രക്ഷാ ദൈത്യം’ നടത്തുന്നത്. ഇതിലും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിവിധ വിമാന കമ്പനികൾ സർവീസ് നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടും പൗരന്മാരെ ചൂഷണം ചെയ്യുന്ന നിലപാടാണ് കേന്ദ്രം കൈകൊണ്ടത്.

ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച യുഎഇയിൽ മരണ നിരക്ക് അൻപത് കടന്നു. സൗദിയിൽ 19 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടക്കത്തിൽ മലയാളികളുടെ മരണങ്ങൾ തീരെ റിപ്പോർട്ട് ചെയ്യാതിരുന്ന കുവൈറ്റിൽ ഈ ഒരാഴ്ചക്കുള്ളിൽ മാത്രം മരിച്ചത് പത്തോളം പേരാണ്.

ഗൾഫ് മേഖലകളിലേക്ക് വിമാനങ്ങൾക്ക് പുറമെ കപ്പലുകൾ പുറപ്പെട്ടതായി വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിനെകുറിച്ച് വിവരങ്ങൾ ഒന്നുമില്ല. അഞ്ച് ലക്ഷത്തിനു മുകളിലാണ് നോർക്കയിൽ മാത്രം രജിസ്റ്റർ ചെയ്തവർ, കേന്ദ്രസർക്കാർ രജിസ്റ്റ്രേഷൻ ഇതിന്റെ പതിന്മടങ്ങ് വരും.

നിലവിൽ നൂറ്റി അൻപത് മുതൽ ഇരുനൂറ് വരെ ആളുകളെ വഹിച്ചുള്ള പത്തിൽ കുറവ് വിമാനങ്ങളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്ത പ്രവാസികളെ മുഴുവൻ നാട്ടിലെത്തിക്കാൻ ഇപ്പൊഴത്തെ സാഹചര്യത്തിൽ വർഷങ്ങൾ എടുക്കുന്ന അവസ്ഥയാണുള്ളത്.

ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നതായി വാർത്തകൾ പുറത്ത് വന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ജോലി നഷ്ടപ്പെട്ടും ഭക്ഷണത്തിനും താമസത്തിനും സൗകര്യമില്ലാതെയും മാനസിക സമ്മർദ്ധവും ഹൃദയാഘാതവും മൂലം മരിക്കുന്ന പ്രവാസികളും നിരവധിയാണ്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ജീവൻ കൊണ്ട് ഇന്ത്യൻ സർക്കാർ ഇനിയും കളിക്കരുതെന്ന് നിരവധി പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.

ഗൾഫിൽ കൊറോണ രോഗ ബാധിതർ രണ്ട് ലക്ഷവും കടന്ന് കുതിക്കുമ്പോൾ ആശങ്കയിലാവുന്നത് അവരെ കാത്തിരിക്കുന്ന ഇങ്ങ് കേരളമടക്കമുള്ള ഇന്ത്യയിലെ ലക്ഷക്കണക്കിനു പ്രവാസികളുടെ വീടകങ്ങളാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa