Tuesday, November 26, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജ് സൗദിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം

വെബ്‌ഡെസ്‌ക്: കൊറോണ വൈറസ് ലോകം മുഴുവൻ പിടിച്ചു കുലുക്കുമ്പോൾ മുസ്ലിം ലോകവും ആശങ്കയിലായിരുന്നു. മുസ്ലിം ലോകത്തിന് ഏറെ പുണ്യകരമായ ഹജ്ജ് തീർത്ഥാടനം എത്രകണ്ട് സഫലമാകും എന്ന ആശങ്കയിലായിരുന്നു മുസ്ലിം ലോകം. എന്നാൽ തിരുഗേഹങ്ങളുടെ സേവകൻ ചുരുങ്ങിയ ആളുകൾക്ക് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഹജ്ജിന്ന് അനുമതി നൽകുമ്പോൾ അത് മറ്റൊരു ചരിത്രമാവുകയാണ്.

പതിനായിരം പേർക്കാണ് ഇത്തവണ ആകെ ഹജ്ജിന് അനുമതി നൽകുന്നത്. അതിൽ തന്നെ 70 ശതമാനവും വിദേശികൾക്കായി മാറ്റിവെച്ചത് രാജ്യത്തിന്റെ മറ്റൊരു മാതൃകയാണ്. ഇത്തവണ 30 ശതമാനം സ്വദേശികൾക്ക് മാത്രമാണ് ഹജ്ജിന് അനുമതിയുള്ളത്. സൗദി അറേബ്യയിൽ തന്നെയുള്ള വിദേശികൾക്കാണ് ഹജ്ജ് ചെയ്യാൻ കഴിയുക.

കോവിഡ് 19 പടർന്ന് പിടിച്ചപ്പോൾ തന്നെ സൗദി അറേബ്യയിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പ്രത്യേക താല്പര്യപ്രകാരം സൗദി അതിന്റെ മുഴുവൻ ശക്തിയും പൗരന്മാരുടേയും വിദേശികളുടേയും ജീവൻ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നു.

ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞിരിക്കുന്നു. മരണം 2200 ഓളമാണ് സംഭവിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മസ്ജിദുകളിലെ ആരാധനകൾ പോലും നിർത്തിവെക്കുന്ന സാഹചര്യമുണ്ടായി.

മക്കയിലും മദീനയിലും ഇടക്കാലത്ത് തീർത്ഥടകർക്കുള്ള സമ്പൂർണ നിരോധനം വരെ നടപ്പിലായി. വിശുദ്ധ മാസമായ റമദാനിന്റെ കടന്നുവരവോടെയാണ് കർശന നിയന്ത്രണങ്ങളോടെയെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമായാണ് തറാവീഹ് നമസ്കാരം നടന്നത്.

ഫെബ്രുവരി അവസാനം മക്ക സന്ദർശനം നിർത്തിവെച്ചതോടെ ട്രാവൽ ഏജൻസികൾക്ക് പണം മടക്കി നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബിൻ താഹർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മുസ്ലിം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഹജ്ജ് കർമ്മം നടക്കുമോ എന്ന ആശങ്ക പരന്നത്.

നിലവിൽ സൗദി അറേബ്യ ശക്തമായ പ്രതിരോധ നടപടികളോടെപ്പം പൗരന്മാർക്ക് ഇളവുകൾ പ്രഖ്യാപിച്ച് സാധാരണ നിലയിലേക്ക് മാറാനുള്ള ഉത്സാഹത്തിലാണ്. ദിവസവും അൻപതോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അണുബാധയിൽ നിന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa