സൗദികൾ നമ്മളെടുക്കുന്ന ജോലിയൊന്നും ചെയ്യില്ല എന്ന് ഇനിയും പറയരുത്; യൂ ട്യൂബ് വഴി പെയിൻ്റിംഗ് ജോലി ചെയ്യാൻ പഠിച്ച സൗദി യുവാവിൻ്റെ പ്രതിമാസ വരുമാനം ഒരു ലക്ഷം റിയാലിലധികം
തബൂക്ക്: അല്പം കഠിനാധ്വാനം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗദി യുവാക്കൾക്ക് നല്ല വരുമാനം ഉണ്ടാക്കാൻ ധാരാളം വഴികളുണ്ടെന്ന് പെയിൻ്റിംഗ് ജോലി ചെയ്യുന്ന മശാരി മുജർശി എന്ന സൗദി യുവാവിൻ്റെ അഭിപ്രായം. ഇതിനു യുവാവിൻ്റെ അനുഭവം തന്നെ അദ്ദേഹം പങ്ക് വെക്കുന്നു.
തബൂക്കിൽ പെയിൻ്റ് കട തുടങ്ങിയ തൻ്റെ സഹോദരനു പെയിൻ്റിംഗ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോഴാണു രണ്ടും കൽപ്പിച്ച് ആ ജോലി ചെയ്യാൻ മശാരി മുജർശി എന്ന യുവാവ് തയ്യാറായത്.
സഹോദരൻ്റെ പെയിൻ്റ് കടയിൽ 7 മാസത്തോളം വില്പന മേഖലയിൽ ജോലി ചെയ്ത അനുഭവം മാത്രമേ യുവാവിന് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പെയിന്റിംഗ് ജോലി എങ്ങനെയാണു ചെയ്യുന്നത് എന്ന് യൂ ട്യൂബ് വീഡിയോ ക്ളിപ്പുകൾ കണ്ട് പഠിക്കുകയായിരുന്നു.
ആദ്യമായി ജോലി ചെയ്യാൻ വേണ്ടി പോയപ്പോൾ കസ്റ്റമർ ജോലി ചെയ്യാൻ സമ്മതിച്ചില്ല. തുടർന്ന് ജോലി ഭംഗിയായി പൂർത്തീകരിക്കുമെന്ന് വാക്ക് കൊടുത്തപ്പോൾ ജോലി ചെയ്യാൻ അനുമതി നൽകുകയും ജോലി പൂർത്തിയായപ്പോൾ കസ്റ്റമറോട് താൻ സൗദിയാണെന്ന് മശാരി പറയുകയും ചെയ്തു. ഈ സമയം കസ്റ്റമർ മശാരിയുടെ തലയിൽ ചുംബിക്കുകയും ധാരാളമാളുകൾക്ക് മശാരിയുടെ കോണ്ടാക്റ്റ് നംബർ കൈമാറുകയും ചെയ്തു.
ഇന്ന് മശാരിയുടെ പ്രതിമാസ വരുമാനം ഒരു ലക്ഷം റിയാലിലധികമാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അല്പം പ്രയാസപ്പെട്ട ജോലിയാണെങ്കിലും 5000 റിയാലും 10000 റിയാലും പോക്കറ്റിലേക്ക് വരികയാണെങ്കിൽ എല്ലാ പ്രയാസവും മാറ്റി വെക്കുകയും ഇടക്ക് 3 ദിവസം വിശ്രമിച്ച് ജോലി തുടരുകയും ചെയ്യൂ എന്നുമാണു മശാരിക്ക് സൗദി യുവാക്കളോട് പറയാനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa