നാട്ടുകാരോടുള്ള ഒരു പ്രവാസിയുടെ അഭ്യർത്ഥനയാണിത്; ഗൾഫ് നാടുകളിലെ പ്രവാസികളെ നിങ്ങൾ മാതൃകയാക്കണം
തിരുവനന്തപുരത്ത് ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിന്റെ മൃതദേഹം ദുർഗന്ധം വമിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം വലിയ ഞെട്ടലുണ്ടാക്കിയതായിരുന്നു. ഈ സാഹചര്യത്തിൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ‘എ കെ എം ശരീഫ്’ എന്ന പ്രവാസി യുവാവിനു നാട്ടുകാരോട് പറയാനുള്ളത് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെ ഇങ്ങനെ വായിക്കാം:
”കാതേ മടങ്ങുക! തിരുവനന്തപുരത്ത് ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിന്റെ മൃതദേഹം ദുർഗന്ധം വമിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയെന്ന വാർത്ത തികച്ചും ഞെട്ടലുളവാക്കുന്നു. അദ്ദേഹം എങ്ങനെ ഈ അവസ്ഥയിൽ എത്തേണ്ടി വന്നു എന്ന് കൃത്യമായി അറിഞ്ഞില്ലെങ്കിലും നന്മയുള്ള കേരളമെന്നുറക്കെ പാടുന്ന നാട്ടിൽ നിന്നും ഇങ്ങനെയൊരു വാർത്ത വളരെധികം വേദനിപ്പിച്ചു.
സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷയെക്കരുതി വീട്ടിൽ കഴിയുന്ന പ്രവാസിയോ തദ്ദേശവാസിയോ ആരായിക്കൊള്ളട്ടെ അവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്ന അതേ ജാഗ്രതയിൽ അകത്ത് അവർ സുരക്ഷിതരായുണ്ടോ എന്നു കൂടി അന്വേഷിക്കേണ്ട ബാധ്യത ബന്ധുക്കൾ, സുഹൃത്തുക്കൾ, സമീപവാസികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കുമുണ്ട്.
പറയാതെ വയ്യ, നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരോടുള്ള പല സമീപനങ്ങളും തികച്ചും ലജ്ജാവഹമായി മാറുന്നതിന് ഒരു പരിധി വരെ ഈ മഹാമാരിയെ കുറിച്ചും അതിന്റെ പ്രതിരോധത്തെ കുറിച്ചുമുള്ള അജ്ഞതയായിരിക്കാം. അവരെ ബോധവത്കരിക്കാൻ സർക്കാർ-സാമൂഹിക സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.
നാമിപ്പോൾ സാമൂഹിക വ്യാപനത്തിന്റെ വക്കിലോ ഉള്ളിലോ എത്തിയിട്ടുണ്ട്. ആർക്ക് എപ്പോൾ എവിടെനിന്നു വേണമെങ്കിലും കോവിഡ് ബാധിക്കാം എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഈ അവസ്ഥയിൽ നാം ഇതിനെ കുറിച്ച് ബോധവാന്മാരായെ പറ്റൂ.
‘സൂക്ഷിച്ചാൽ ദുഖിക്കേണ്ട’ എന്നാണ് ഇപ്പോഴത്തെ നമ്മുടെ മുദ്രാവാക്യം. ഇനി എത്രയൊക്കെ സൂക്ഷിച്ചിട്ടും അതു നമ്മളിലേക്കെത്തിയാൽ പിന്നെ ദുഖിക്കുകയല്ല വേണ്ടത് ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്നു മനസിലാക്കി സധൈര്യം സമാധാനപൂർവം അതിനെ സ്വീകരിക്കുക എന്നതാണ് പോംവഴി. ഒപ്പം താൻ മുഖാന്തിരം മറ്റൊരാളിലേക്കെത്താതിരിക്കാനുള്ള ജാഗ്രതയും.
കോവിഡ് ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ച് അത്ര ഗുരതരമായ ഒരു രോഗമൊന്നുമല്ല. എന്നാൽ മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്തതിനാലും എളുപ്പം പകരുന്നതുമായ ഒരു അസുഖമായതു കൊണ്ടുതന്നെ ഒരു സമൂഹത്തെ സംബന്ധിച്ച് അത് അൽപംഗുരുതരമാണു താനും.
ഈ അവസരത്തിൽ ഇവിടെ ഗൾഫ് നാടുകളിലെ പ്രവാസികളെ നിങ്ങൾ മാതൃകയാക്കണം. തന്റെ കൂടെ താമസിക്കുന്നവരിൽ ചിലർക്ക് കോവിഡ് ബാധിച്ചപ്പോൾ അവരെ അവർ ആട്ടിപ്പായിച്ചില്ല. അവൻ തന്റെ ബന്ധുവോ നാട്ടുകാരനോ അല്ലായിരുന്നു, എന്തിന് വെറും മാസങ്ങളോ ആഴ്ചകളോ മാത്രമുള്ള സൗഹൃദമെ ചിലരുമായുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവരവനെ കൂടെ നിർത്തി കരുതലോടെ അവനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
അതോടൊപ്പം തന്നെ ഈ മഹമാരി ഗൾഫിൽ പടർന്നു പിടിച്ചപ്പോൾ പ്രവാസി മലയാളി സംഘടനകളുടെ പ്രവർത്തനങ്ങളെ കുറിച്ചും നിങ്ങളറിയണം. രാഷ്ട്രീയമോ മതമോ പ്രാദേശികമോ ആയ ആശയങ്ങളായിരുന്നു ഒരോ സംഘടനയുടെയും രൂപികരണത്തിന് ഹേതുവായതെങ്കിലും ഈ മഹാമാരിയിൽ പ്രവാസി സഹോദരങ്ങളെ ഒരു വിവേചനവും കൂടാതെ ചേർത്തു പിടിച്ച് സാന്ത്വനവും സഹായവും നൽകുന്നതിൽ അവർ മത്സരിച്ചത് മറ്റൊന്നും നോക്കിയായിരുന്നില്ല. മനുഷ്യത്വം എന്ന ഒരു വികാരവും ഒരു ആശയവും ആയിരുന്നു അവരെ മുന്നോട്ടു നയിച്ചിരുന്നത്.
നാളത്തെ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്ന ഇന്നിന്റെ കരുത്തുള്ള പോരാളികളായി മനോധൈര്യം കൈവിടാതെ സഹജീവികളെ ചേർത്തു പിടിച്ച് കരുതലോടെ ഈ കാലവും നമുക്ക് മറികടക്കാം..NB: ഒന്നര മാസം മുമ്പ് ഞാനും ഒരു കോവിഡനായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa