Wednesday, November 27, 2024
GCCSaudi ArabiaTop Stories

ഗള്‍ഫ്‌ മലയാളികളെ മുതലാളിമാരാക്കിയ ആ ആഗസ്റ്റ്‌ രണ്ടിന് ഇന്ന് 32 വയസ്സ്

BY: കെ.സി.അബ്ദുറഹ്മാന്‍. കുന്നുംപുറം

ഓരോ പ്രതിസന്ധിയോടോപ്പവും ചില അവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തിയ കാലഘട്ടമായിരുന്നു ഇറാഖിന്‍റെ 1990-ലെ കുവൈറ്റ്‌ അധിനിവേശവും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ ഡസര്‍ട്ട് സ്റ്റോം (Operation Desert Storm) എന്ന പേരില്‍ നടന്ന ഒന്നാം ഗള്‍ഫ്‌ യുദ്ധവും. ഗള്‍ഫ്‌ സഹകരണ കൗണ്‍സില്‍ (GCC)രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളതും കൂട്ടത്തില്‍ ഏറ്റവും വലിയ രാജ്യവുമായ സൗദി അറേബ്യയുടെ കാര്യം മാത്രം പരിശോധിച്ചാല്‍ തന്നെ മനസ്സിലാവുന്നത് 1990-ലെ ഗള്‍ഫ് പ്രതിസന്ധി അവിടെത്തെ പ്രവാസി മലയാളികള്‍ക്ക് പില്‍ക്കാലത്ത് ഗുണകരമായി മാറിയിട്ടുണ്ട് എന്നതാണ്. ഗള്‍ഫ് യുദ്ധം കുവൈറ്റിലെ മലയാളികള്‍ക്ക് ദുരിതപൂര്‍ണ്ണമായിരുന്നുവെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ മറ്റു മലയാളികള്‍ക്കത് നിരവധി അവസരങ്ങള്‍ സമ്മാനിച്ചു എന്നത് വസ്തുതയാണ്. അതുവരെ തുച്ഛമായ മാസശമ്പളം പറ്റുന്ന വെറും സാധാതൊഴിലാളികളായിരുന്ന മലയാളികളില്‍ നല്ലൊരു വിഭാഗം വ്യാപാര-വ്യവസായ മേഖലകളിലേക്ക് പറിച്ചു നടപ്പെടുന്നത് ഈ കാലത്താണ്. ഇറാഖുമായും കുവൈറ്റുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ മലയാളികള്‍ക്കും കുറേയേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല.

ഇറാഖിന്‍റെ കുവൈറ്റ്‌ അധിനിവേശംവരെ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളില്‍ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചിരുന്നവരായിരുന്നു യമനി പൗരന്മാര്‍. മറ്റു രാജ്യക്കാരില്‍ നിന്നും വ്യത്യസ്തമായി, സ്പോണ്‍സര്‍ ഇല്ലാതെ തന്നെ സ്വന്തം നിലയില്‍ ജോലി ചെയ്യാനും വ്യാപാര സ്ഥാപനങ്ങള്‍ നടത്താനും അനുമതിയുള്ളവരായിരുന്നു യമനികള്‍. സൗദി അറേബ്യയും യമനും തമ്മില്‍ 1934-ല്‍ ഉണ്ടാക്കിയ തായിഫ് ഉടമ്പടിയുടെ പിന്‍ബലത്തിലായിരുന്നു ഈ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചു നല്‍കിയിരുന്നതെന്നാണ് മനസ്സിലാവുന്നത്. സൗദിയിലെ അബ്ദുല്‍അസീസ്‌ രാജാവും യമനിലെ യഹ്യാ ബിന്‍ മുഹമ്മദ്‌ ഹമീദുദ്ദീന്‍ രാജാവുമായിരുന്നു ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നത്. 1967-ലെ അഭ്യന്തര യുദ്ധത്തിന് ശേഷം നിലവില്‍ വന്ന ദക്ഷിണ യമന്‍ 1969-തോട് കൂടി ഒരു പൂര്‍ണ്ണ മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് ആശയത്തിലൂന്നിയ രാഷ്ട്രമായി മാറുകയുണ്ടായി. ദക്ഷിണ യമനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കഠിനമായ പീഡനം അനുഭവിച്ചതിന്‍റെ പേരില്‍ സൗദിയിലേക്ക് പലായനം ചെയ്ത ആയിരക്കണക്കിന് യമനി പൗരന്മാര്‍ക്കും സൗദി അറേബ്യ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളില്‍ ഏറിയ പങ്കും 1990 വരെയുള്ള കാലഘട്ടത്തില്‍ യമനികള്‍ ആവുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ഗള്‍ഫ് യുദ്ധം യമനികള്‍ക്ക് നല്‍കിയത് കഷ്ടപ്പാടിന്റെയും നഷ്ടത്തിന്‍റെയും കണക്കുകളാണ്.

ഗള്‍ഫ് യുദ്ധത്തില്‍ യമന്‍ ഇറാഖിന്‍റെ ഭാഗത്ത് നിലയുറപ്പിച്ചതിന്‍റെ പേരില്‍ യമനികള്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും സൗദി അറേബ്യ പിന്‍വലിക്കുയായിരുന്നു. രാജ്യത്തുള്ള യമനികള്‍ക്ക് സ്പോണ്‍സറെ കണ്ടെത്തി മറ്റുള്ള രാജ്യക്കാരെപ്പോലെ നിയമാനുസൃത തൊഴിലാളികളായി മാറുന്നതിന് ആഴ്ചകള്‍ മാത്രമുള്ള കാലപരിധിയാണ് നല്‍കിയിരുന്നത്. ആ ഒരു സമയപരിധിക്കുള്ളില്‍ ഇരുപത് ലക്ഷം വരുന്ന യമനികളില്‍ മഹാ ഭൂരിപക്ഷത്തിനും സ്പോണ്‍സറെ കണ്ടെത്താന്‍ പറ്റാത്തത് കൊണ്ട് സൗദിയില്‍ പിടിച്ചു നില്‍ക്കാനായില്ല. അത്തരം ഒരു ഘട്ടത്തില്‍ യമനികളുടെ നിര്‍ബന്ധിത തിരിച്ചുപോക്ക് സൃഷ്‌ടിച്ച വിടവ് ഏറിയ പങ്കും നികത്തിയത് മലയാളികളായിരുന്നു.

കുവൈറ്റ്‌ അധിനിവേശം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഏഴ് ലക്ഷത്തോളം യമനികളാണ് അവരുടെ സ്ഥാപനങ്ങളും സമ്പാദ്യങ്ങളും കിട്ടുന്ന വിലക്ക് വിറ്റ് സ്വന്തം നാടണഞ്ഞത്. ജിസാന്‍, നജ്റാന്‍ പ്രവിശ്യകളിലെ റോഡുകളെല്ലാം യമനിലേക്ക് തിരിച്ചുപോവുന്നവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന ഗതാഗതക്കുരുക്കില്‍ പെട്ടവരില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത ഉമ്മമാരും വയോധികരും രോഗികളും ഉണ്ടായിരുന്നു. ആയിരക്കണക്കിന് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു എവിടെയും ദൃശ്യമായിരുന്നത്. ഗതാഗതക്കുരുക്കിൽ പെട്ടവരിൽ നിന്നും കുറേയേറെ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നുവെന്നത് തന്നെ ഈ തിരിച്ചുപോക്കിലെ പ്രയാസങ്ങളുടെ ഒരു ഏകദേശ ചിത്രം നല്‍കുന്നുണ്ട്. അല്ലൈത്ത്, ഖുന്‍ഫുദ, അംഖ്, ബിര്‍ഖ്, ഖഹ്മ, ദര്‍ബ്, ബിഷ, സബിയ, ളബിയ, ജീസാന്‍, അഹദ്, അബുഅരീഷ്, ഖോബ, മുവസ്സം, തുവാല്‍, നജ്റാന്‍, അബഹ, ഖമീസ് മുഷ്യയ്ത്ത്, മഹാഹീല്‍, ഹബീല്‍ തുടങ്ങിയ സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലും, തബൂക്ക്, ഹഖ്‌ല്‍, ദുബ, ഉംലുജ്ജ് തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളിലും നേരിട്ട് പോയി കാര്യങ്ങള്‍ വിലയിരുത്താന്‍ അക്കാലത്ത് എനിക്ക് അവസരം ലഭിച്ചിരുന്നു. അതേസമയം സൗദിയുടെ കിഴക്കന്‍ മേഖലയില്‍ പെടുന്ന ജുബൈല്‍, അല്‍ഹസ, ദമ്മാം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിത താവളം തേടി പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് വന്നിരുന്നു.

യമനികള്‍ കുത്തകയാക്കി വെച്ചിരുന്ന വ്യാപാര വ്യവസായ മേഖലകള്‍ ഒട്ടുമിക്കവയും സ്വന്തമാക്കിയത് മലയാളികള്‍ ആയിരുന്നു. സൗദിയിലെ ചില്ലറ വില്പന മേഖലയില്‍ മലയാളികള്‍ കാലുറപ്പിച്ചതും മൊത്തക്കച്ചവട രംഗത്ത് മലയാളി സാന്നിദ്ധ്യം ഉണ്ടാവുന്നതും അങ്ങിനെയാണ്. ഉല്പാദന മേഖലയും കാര്‍ഷിക-മത്സ്യബന്ധന മേഖലയും മലയാളി സ്വാധീനത്തിന് വഴങ്ങുന്ന കാഴ്ചയാണ് യമനികളുടെ തിരിച്ചുപോക്കോടെ കാണാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസ രംഗത്തും ആതുരശുശ്രൂഷ രംഗത്തും ട്രാന്‍സ്പോര്‍ട്ട് മേഖലയിലും ഒരു കൈ നോക്കാന്‍ മലയാളിക്ക് ഊര്‍ജ്ജം പകര്‍ന്നത് യമനികളുടെ ഒഴിവില്‍ നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഇത്തരം അവസരങ്ങളായിരുന്നു.

അമേരിക്കന്‍ സഖ്യസേനയുടെ വരവ് സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ. എന്നിവിടങ്ങളിലും പുതിയ തൊഴില്‍-സേവന അവസരങ്ങള്‍ ഉണ്ടാക്കി. ഏഴു ലക്ഷം അമേരിക്കന്‍ സൈനികരുള്‍പ്പെടെ ഒമ്പതര ലക്ഷം സൈനികരെയായിരുന്നു ഗള്‍ഫ് യുദ്ധത്തിന്‍റെ മുന്നോടിയായി മേഖലയില്‍ വിന്യസിച്ചിരുന്നത്. ഇത്രയും വലിയൊരു സേനാവിഭാഗത്തെ മാസങ്ങളോളം തീറ്റിപ്പോറ്റി സംരക്ഷിക്കുന്നത് തന്നെ വലിയൊരു ബിസിനസ്സ് അവസരമായി മാറുകയായിരുന്നു. കൂടാതെ ആയിരത്തിമുന്നൂറ് കിലോമീറ്റര്‍ നീളമുള്ള സൗദി-യമന്‍ അതിര്‍ത്തിയില്‍ ആദ്യമായി നടത്തിയ സേനാ വിന്യാസം മലയാളി ബിസിനസ്സുകാര്‍ക്ക് മറ്റൊരു അവസരം കൂടി സൃഷ്ടിച്ചു നല്‍കി. ചോദിക്കുന്ന നിരക്കില്‍ സേവനങ്ങളും സാധന സാമഗ്രികളും വാങ്ങാന്‍ ആളുണ്ടായത് വലിയ ലാഭമാണ് സമ്മാനിച്ചത്. ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ വന്‍ കുതിപ്പും സാധ്യതയുമാണുണ്ടായത്. ഇത് നിരവധി അനുബന്ധ ബിസിനസ്സുകള്‍ക്കും വഴിയൊരുക്കി. ചുരുക്കത്തില്‍ മലയാളി ബിസിനസ്സുകാരുടെയും വ്യവസായികളുടെയും ശരിക്കുള്ള ഉദയം കുവൈറ്റ്‌ അധിനിവേശത്തിന് ശേഷമാണ് ഉണ്ടായത് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.

1991 ജനുവരി പതിനഞ്ചിന് അര്‍ദ്ധരാത്രി കഴിഞ്ഞ് ഒരു സെക്കന്റ്‌ പിന്നിട്ടപ്പോള്‍ ഒന്നാം ഗള്‍ഫ് യുദ്ധം ആരംഭിച്ചു. സ്കഡ് മിസൈലുകളും പാട്രിയോട്ടിക് ഇന്റര്‍സെപ്റ്ററുകളുമായിരുന്നു എല്ലാവരുടെയും സംസാരവിഷയം. ജിദ്ദക്കരികെ ചെങ്കടലില്‍ നിന്നും അമേരിക്കയുടെ B52 ബോംബര്‍ വിമാനങ്ങള്‍ അതിഭീകര ശബ്ദത്തോടെ പറന്നുയരുന്നത് നിത്യസംഭവമായിരുന്നു. ജിദ്ദയിലെ ഏതാണ്ടെല്ലാ കവലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുന്‍കരുതല്‍ സൈറന്‍ സ്ഥാപിച്ചിരുന്നു. യുദ്ധം തുടങ്ങി ആദ്യ നാളുകളില്‍ ഇടക്കിടെ ഈ സൈറണുകള്‍ മുഴങ്ങിയിരുന്നത് ആളുകളെ തെല്ലൊന്നുമല്ല ഭീതിയില്‍ ആഴ്ത്തിയിരുന്നത്. പലരും ബങ്കറുകള്‍ ലക്ഷ്യമാക്കി ഓടുമായിരുന്നു.

ബി.ബി.സി.യും സി.എന്‍.എന്നും കാണാനും കേള്‍ക്കാനുമായി താമസസ്ഥലത്തും ജോലിസ്ഥലത്തും ആള്‍ക്കൂട്ടം രൂപപ്പെട്ടു. ഞങ്ങളുടെ കമ്പനി എല്ലാവരുടെയും പാസ്പോര്‍ട്ട്‌ എക്സിറ്റ്-റീ എൻട്രി വിസയടിച്ച് അവരവരുടെ കയ്യില്‍ തരികയും നാട്ടില്‍ പോവാന്‍ താല്പര്യമുള്ളവര്‍ക്ക് അങ്ങിനെ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ അധികം താമസിയാതെ ജിദ്ദ തുറമുഖവും വിമാനത്താവളവും അടച്ചത് കൊണ്ട് പാസ്സ്പോര്‍ട്ട് കയ്യില്‍ കിട്ടിയത് കൊണ്ട് വലിയ ഗുണം കിട്ടാതെ പോയി. കൂടാതെ താമസസ്ഥലം കൃത്യമായി രേഖപ്പെടുത്തിയ റൂട്ട്മാപ്പ് എല്ലാവരില്‍ നിന്നും കമ്പനി വാങ്ങി സൂക്ഷിക്കുകയും കമ്പനിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ നേരിട്ട് വന്ന് അത് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. മിസൈല്‍ ആക്രമണം ഉണ്ടായാല്‍ സുരക്ഷക്കായി താമസ സ്ഥലത്ത് ബങ്കര്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും രാസായുധം പ്രയോഗിക്കപ്പെട്ടാല്‍ നേരിടാനുള്ള പി.പി.ഇ.കിറ്റുകളും കമ്പനി നല്‍കിയിരുന്നു. ബില്‍ഡിംഗിലെ ബേസ്മെന്റ് ഏരിയ ആയിരുന്നു ഞങ്ങളുടെ ബങ്കര്‍. ബങ്കര്‍ സൗകര്യം ഇല്ലാത്തവരെ കമ്പനി തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

മാസങ്ങളോളം കഴിയാനുള്ള ഭക്ഷണം ഒട്ടുമിക്ക ആളുകളും ശേഖരിച്ചു വെച്ചത് മാര്‍ക്കറ്റില്‍ താല്ക്കാലിക ക്ഷാമമുണ്ടാക്കി. പക്ഷെ അതിനൊന്നും വലിയ ആയുസ്സുണ്ടായില്ല എന്നത് വേറെ കാര്യം. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ അധികനാള്‍ വേണ്ടി വന്നില്ല. അതുകൊണ്ട് ഗൾഫ് യുദ്ധം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് കേടുവരാത്ത ഭക്ഷണ സാധനങ്ങളുടെ വില്പന പൂർവ്വ സ്ഥിതിയിലായത്.

ആഗോള തലത്തില്‍ ഗള്‍ഫ് യുദ്ധത്തെ വിലയിരുത്തുമ്പോള്‍ മറ്റൊരു ചിത്രം കൂടി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. വൈകാരികതയുടെ അല്പ്പായുസ്സും വിവേകത്തിന്റെ നിലനില്‍പ്പും ഉദാഹരിക്കുമ്പോള്‍ ആദ്യമായി കടന്നുവരുന്ന ഒരു ദിവസമായി ഓരോ വര്‍ഷത്തെയും ആഗസ്ത് രണ്ട് മാറിയിട്ട് മുപ്പത് വര്‍ഷക്കാലമായി. ലോക രാഷ്ട്രീയ-സാമ്പത്തിക ചേരികളില്‍ വലിയ മാറ്റത്തിന് നാന്ദികുറിച്ച ഒരു ദിനമായിരുന്നു ഇറാഖ് കുവൈറ്റിനെ ആക്രമിച്ച 1990-ലെ ആഗസ്റ്റ്‌ രണ്ടാം തിയതി. കൃത്യം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഇറാഖിന്‍റെ കുവൈറ്റ്‌ ആക്രമണവും തുടര്‍ന്നുള്ള അധിനിവേശവും ഇന്ന് കാണുന്ന പുതിയ ലോകക്രമത്തിനു പ്രധാന കാരണമായി എന്നതില്‍ രണ്ടാഭിപ്രായമുണ്ടാവാനിടയില്ല.

രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ ആസൂത്രിതമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെ പോവാനും നെറികേടുകളുടെയും കരുതിക്കൂട്ടിയുള്ള അഭ്യന്തരതര്‍ക്കങ്ങളുടെയും മാലപ്പടക്കത്തിന് തിരികൊളുത്താനും മുതലാളിത്ത രാഷ്ട്രങ്ങളും കമ്മ്യൂണിസ്റ്റ്‌/ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാണാനാവുന്നത്. ഈയൊരു രീതി ലോകം ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. ഇത്തരം ഒരു ആഗോള നയത്തിന്‍റെ വിജയമായിരുന്നു ആഗസ്ത് രണ്ടിന് ലോകം കണ്ടത്.

കുവൈറ്റ് ആക്രമണത്തിന് അമേരിക്കയുടെ മൗനാനുവാദം ഇറാഖിനുണ്ടായിരുന്നു എന്നാണ് അമേരിക്കന്‍ അംബാസിഡര്‍ ഏപ്രില്‍ ഗ്ലാസ്പ്പിയുടെ വെളിപ്പെടുത്തലിലൂടെ പില്‍ക്കാലത്ത്‌ നമുക്കറിയാന്‍ സാധിച്ചത്. അതെ അമേരിക്ക തന്നെയാണ് കുവൈറ്റ്‌ ആക്രമണത്തിന്റെ പേരില്‍ ഇറാഖിനെ ശിക്ഷിക്കാന്‍ മുന്നില്‍ നിന്നതും.

മദ്ധ്യപൗരസ്ത്യ മേഖലയിലെ സൈനിക ശക്തികളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അമേരിക്കയും സഖ്യ കക്ഷികളും എടുക്കുന്ന നിലപാടുകളിലെ കാപട്യം തിരിച്ചറിയാതെ പോയി എന്നതാണ് സദ്ദാം ഹുസൈന് പറ്റിയ തെറ്റ്. കടം വാങ്ങിയത് ചോദിക്കാതിരിക്കാൻ സൈനിക ശക്തി കാണിച്ചു ഭീഷണിപ്പെടുത്തുന്നതിന് തിരിച്ചടിയും ലഭിക്കുമെന്ന പാഠവും ഇറാഖിനുണ്ടായി. ശത്രുവിന്‍റെ ശത്രു എന്നും മിത്രമായിക്കൊള്ളണമെന്നില്ല എന്ന ഗുണപാഠം കുവൈറ്റിനും കിട്ടിയിട്ടുണ്ടാവും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa