Tuesday, November 26, 2024
Top StoriesWorld

ഹയസോഫിയക്ക് പിറകെ ചോറ മ്യൂസിയവും മസ്‌ജിദാക്കാൻ ഉർദുഗാൻ

അങ്കാറ: തുര്‍ക്കിയില്‍ ചരിത്ര സ്മാരകങ്ങളെ വിടാതെ പിന്തുടർന്ന് റജബ് ത്വയ്യിബ് ഉർദുഗാൻ. ഹയ സോഫിയക്ക് പിറകെ ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയമാണ് മസ്ജിദാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്നത്. കോടതി ഉത്തരവു പ്രകാരം ഇത് മസ്ജിദ് ആക്കാൻ വിട്ടുനൽകണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ജൂലായിലായിരുന്നു ലോകം ഏറെ ചർച്ച ചെയ്ത ഹയസോഫിയ മസ്ജിദിനായി വിട്ടു നൽകിയുള്ള ഉത്തരവ് നടപ്പാക്കിയത്. ചോറ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റണമെന്ന് രാജ്യത്തെ ഉന്നത കോടതി ഉത്തരവിട്ടത് കഴിഞ്ഞ നവംബറിലായിരുന്നു. സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള ഈ ചരിത്ര സ്മാരകം നേരത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയ ഹയ സോഫിയയെ പോലെ തന്നെ ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലത്തിലുള്ളതാണ്.

4-ാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ കാലഘട്ടത്തിൽ നിർമ്മിച്ച ചോറ ചര്‍ച്ച് 12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്നിരുന്നു. പിന്നീട് ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിക്കുകയായിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കി. ഇസ്താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്.

മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം സന്ദര്‍ശകരെ അനുവദിക്കുന്നതിനെ കുറിച്ച് ഇതുവരെ പ്രഖ്യാപനമൊന്നും വന്നിട്ടില്ല. അതേസമയം, ഹയ സോഫിയയിലെ പോലെ ഇവിടത്തെ ക്രിസ്ത്യന്‍ ബിംബങ്ങള്‍ മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ചോറ മ്യൂസിയമാക്കുന്നത്. ഒരു കൂട്ടം അമേരിക്കന്‍ ചരിത്ര കലകാരന്‍മാരുടെ സഹായത്തോടെയാണ് ചോറയുടെ പഴയ ക്രിസ്ത്യന്‍ സ്മാരകങ്ങള്‍ പുനരുദ്ധീകരിച്ചത്. 1958 ല്‍ ഇവിടം പൊതു സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa