മങ്ങുന്ന പ്രതീക്ഷകളും ഒടുങ്ങാത്ത നെടുവീര്‍പ്പുകളും
✍️ പി എം മായിൻ കുട്ടി – മലയാളം ന്യുസ് സൗദി അറേബ്യ
പ്രവാസികള്‍ അക്കരെയിക്കരെ നിന്ന് നെടുവീര്‍പ്പിടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നാട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചിക്കുന്ന പോലെ ആഴ്ച തോറും ഗള്‍ഫില്‍നിന്ന് നാട്ടിലേക്കു സഞ്ചരിച്ചിരുന്നവര്‍ വരെയുണ്ടായിരുന്നു. പണവും സൗകര്യവുമുള്ളവര്‍ക്ക് ദൂരവും സാമ്പത്തിക ചെലവും ഒരു പ്രശ്‌നമല്ലായിരുന്നു. ഇന്ന് ഇതൊക്കെയുള്ളവര്‍ക്കു പോലും പഴയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാനാവാത്ത അവസ്ഥ. അപ്പോള്‍ ഇതൊന്നും ഇല്ലാത്തവരുടെ കാര്യം പറയുകയും വേണ്ട.
അവധിക്കു നാട്ടിലെത്തിയവര്‍ മടങ്ങിപ്പോരാനാവാതെ നട്ടം തിരിയുകയാണ്. കൈയിലുള്ളതെല്ലാം തീര്‍ന്നു. കടം വാങ്ങിയാണ് പലരും പിടിച്ചു നില്‍ക്കുന്നത്. ഉള്ള ജോലി കൂടി പോയാല്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാകും സംജാതമാകുക. അതുകൊണ്ട് ഉള്ളത് വിറ്റു പെറുക്കിയോ, കടം വാങ്ങിയോ, എത്ര പണം മുടക്കിയായാലും എത്ര ദിവസം മറ്റിടങ്ങളില്‍ കിടന്നയാലും എന്തും സഹിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാന്‍ പലരും തയാറാണ്.
ഇവിടെനിന്നു നാട്ടിലേക്കു പോയാല്‍ പെട്ടുപോകുമല്ലോ എന്നോര്‍ത്ത് ഉറ്റവരെയും ഉടയവരെയും കാണാനാവാതെ, അടിയന്തരമായി നാട്ടിലെത്തി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനാവാതെ മാസങ്ങളായി വിഷമിച്ചു കഴിയുന്നവര്‍ വേറെ. അങ്ങനെ അക്കരെ ഇക്കരെ നിന്നുള്ളവരുടെ നെടുവീര്‍പ്പുകളും വിലാപങ്ങളും കൊണ്ട് പ്രവാസ ലോകം ശോകമൂകമാണ്.
അതിനിടെ ഇടക്കിടക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷകള്‍ക്ക് നിറം പകരും. പക്ഷേ, അധികം വൈകാതെ അതു മങ്ങും. അപ്പോഴേക്കും വില്ലനായി ഇന്നും വിലസുന്ന കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തുകയോ, സാങ്കേതിക കാരണങ്ങളാല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പടുകയോ ചെയ്യുന്നതോടെ കണ്ണില്‍ എണ്ണയൊഴിച്ചുള്ള കാത്തിരിപ്പ് വൃഥാവിലാവും.
യു.എ.ഇയും കൂവൈത്തും കര്‍ശന നിബന്ധനകളോടെ വിലക്കുകള്‍ നീക്കി ഭാഗികമായെങ്കിലും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യാത്രാ അനുമതി നല്‍കിയത് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. നേരത്തെയുള്ള പ്രഖ്യാപന പ്രകാരം ഇന്നലെ (ജൂണ്‍ 23) മുതല്‍ യു.എ.ഇയിലേക്ക് യാത്ര സാധ്യമാകേണ്ടതായിരുന്നു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 15 മാസമായി അടഞ്ഞു കിടന്നിരുന്ന ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ വണ്‍ തുറക്കാനുള്ള തീരുമാനവും വന്നിരുന്നു. വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിരുന്നു. അത് ഇടക്കുവെച്ച് നിര്‍ത്തിയതോടെ ആശങ്ക വീണ്ടും ഉടലെടുത്തു. അതു ശരിവെച്ചുകൊണ്ട് ജൂലൈ ആറു വരെ ഇന്ത്യയില്‍നിന്നുള്ള സര്‍വീസ് ഉണ്ടാവില്ലെന്ന എയര്‍ ഇന്ത്യയുടെ അറിയിപ്പാണ് പിന്നീട് വന്നത്. എമിറേറ്റ്‌സ് അറിയിപ്പ് വന്നിട്ടില്ലെങ്കിലും ഇതേ നിലപാടിനു തന്നെയാണ് സാധ്യത. ഇതു കടുത്ത നിരാശയാണ് സമ്മാനിച്ചിട്ടുള്ളതെങ്കിലും അധികം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും പ്രവാസികളുള്ളത്.
കുവൈത്തിന്റെ വാതായനങ്ങള്‍ ഓഗസ്റ്റില്‍ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും അതും പ്രതീക്ഷക്കു വക നല്‍കുന്നതാണ്. മലയാളികള്‍ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യയുടെ കര്‍ശന ഉപാധികളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചില നീക്കുപോക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
നാട്ടില്‍നിന്ന് വാക്‌സിന്‍ സ്റ്റാറ്റസ് അപലോഡ് ചെയ്യുന്നതിനും മുഖീം പോര്‍ട്ടല്‍ വഴി ഹോട്ടല്‍ ക്വാറന്റൈന്‍ രജിസ്‌ട്രേഷന്‍ സാധ്യമാക്കുന്നതിനും തവല്‍ക്കല്‍നാ സ്റ്റാറ്റസിനെ ബോര്‍ഡിംഗ് പാസുമായി ബന്ധിപ്പിക്കാനുമെല്ലാം കൈക്കൊണ്ട നടപടികള്‍ സൗദിയുടെ ആകാശ വാതിലുകള്‍ വൈകാതെ തുറക്കപ്പെടുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.
ഓഗസ്‌റ്റോടു കൂടി കടുത്ത നിബന്ധനകളോടെയെങ്കിലും നേരിട്ടു വരാനുള്ള ഒന്നര വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് വിരാമമാകുമെന്ന പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ അതും അസ്ഥാനത്താവുമെന്നാണ് തോന്നുന്നത്.
കാരണം കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റാ വകഭേദത്തിന്റെ രൂപമാറ്റം സംഭവിച്ച ഡെല്‍റ്റാ പ്ലസ് ബാധ ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതാണ്.
ഏറ്റവും അപകടകാരിയെന്ന നിലയിലാണ് ഇതിനെ വിലയിരുത്തുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രക്കും മധ്യപ്രദേശിനും പുറമെ കേരളവും ഉള്‍പ്പെട്ടുവെന്നത് മലയാളിയുടെ സകല കണക്കുകൂട്ടലുകളെയും വീണ്ടും തെറ്റിക്കുന്നതാണ്. യു.എ.ഇ യാത്രാ അനുമതി വീണ്ടും നീട്ടാന്‍ ഇടയാക്കിയ കാരണങ്ങളിലൊന്ന് ഇതാണെന്നാണ് വിലയിരുത്തുന്നത്.
ഇതിനു പുറമേയാണ് സൗദി അറേബ്യയുടെ കൊറോണ വ്യാപനം രൂക്ഷമായ, അപകട സാധ്യത കൂടിയ 69 രാജ്യങ്ങളുടെ നിര്‍ണയം. പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ണയ ലിസ്റ്റില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ട്. സൗദിയില്‍ കഴിയുന്നവര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് മുന്‍കൂട്ടി അനുമതി നേടാതെ ഇന്ത്യ, ലിബിയ, സിറിയ, ലെബനോന്‍, യെമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സോമാലിയ, ഡെമോക്രാറ്റിക് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ നേരിട്ടും അല്ലാതെയും യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ വിലക്കിയിരുന്നു. ഇന്ത്യ, അര്‍ജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ലബനോന്‍, ഈജിപ്ത് എന്നീ ഒമ്പതു രാജ്യങ്ങളില്‍നിന്ന് നേരിട്ടു വരുന്നതിന് സൗദിയില്‍ ഇപ്പോഴും വിലക്കുമുണ്ട്. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നതും വാക്‌സിനേഷന്‍ മന്ദഗതിയില്‍ നീങ്ങുന്നതുമാണ് കാരണമായി പറയുന്നത്. ഇതിനു പുറമേയാണ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദേശം കൂടി വന്നിട്ടുള്ളത്.
ഇന്ത്യയില്‍നിന്ന് പോന്ന് പതിനാലു ദിവസം മറ്റു രാജ്യങ്ങളില്‍ തങ്ങി സൗദിയില്‍ എത്തിപ്പെടാനുള്ള സാധ്യതകള്‍ക്കും മങ്ങലേറ്റതോടെ നെടുവീര്‍പ്പുകള്‍ ഉള്ളകങ്ങള്‍ പൊള്ളിയുള്ള കരച്ചിലുകളായി മാറിയിരിക്കുകയാണ്്.
ഇതിനൊരു പരിഹാരം അടുത്തെങ്ങും ഉണ്ടാവുമോ എന്നാണ് ഏല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്‌സിനേഷന്‍ ശക്തമാക്കുകയുമാണ് ഒരു പോംവഴി. അതോടൊപ്പം നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തമായ ഇടപെടലുകളും ഉണ്ടാവണം. എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിച്ച് പരിമിതമായെങ്കിലും അത്യാവശ്യക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കുവാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ നഷ്ടമാവുക പലരുടെയും ജിവതോപാധികളും മാനസിക സമനിലയുമായിരിക്കും.
(കടപ്പാട് :മലയാളം ന്യുസ് -സൗദി അറേബ്യ )
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa