Sunday, September 29, 2024
Saudi ArabiaTop Stories

സൗദിയിലിറങ്ങിയ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചയച്ച സംഭവം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

കഴിഞ്ഞ ദിവസം ദമാം എയർപോർട്ടിൽ ഇറങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ എയർപോർട്ട് എമിഗ്രേഷൻ ഓഫീസർമാർ നാട്ടിലേക്ക് തന്നെ മടക്കിയയച്ച സംഭവം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സൗദിയിൽ നിന്ന് കൊറോണ ബാധിക്കുകയും പിന്നീട് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്ത് തവക്കൽനായി ഫുൾ ഇമ്യൂൺ സ്റ്റാറ്റസുമായി നാട്ടിലെത്തുകയും പിന്നീട് സൗദിയിലേക്ക് നേരിട്ട് പറന്നെത്തുകയും ചെയ്തവരെയാണ് എമിഗ്രേഷനിൽ നിന്ന് നാട്ടിലേക്ക് തന്നെ മടക്കിയത്.

ഇതേ തുടർന്ന് പല പ്രവാസികളും വിവിധാ ആശങ്കകൾ പങ്ക് വെച്ചും സംശയങ്ങൾ ചോദിച്ചും അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അത് സംബന്ധിച്ച വിശദീകരണം താഴെ നൽകുന്നു.

സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് മാത്രമാണ് വിലക്കേർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്.

ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് സ്വാഭാവിക പ്രതിരോധ ശേഷി ഉണ്ടാകുമെന്നതിനാൽ അത്തരക്കാർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചാൽ തന്നെ തവക്കൽനായിൽ വാക്സിൻ കംപ്ളീറ്റഡ് കാണിക്കും. എന്നാൽ ഇവരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായി നിലവിൽ സൗദി സിവിൽ ഏവിയേഷൻ അംഗീകരിക്കുന്നില്ല.

അത് കൊണ്ട് തന്നെ ഒരിക്കൽ കൊറോണ ബാധിച്ചതിനു ശേഷം ഒരു ഡോസ് വാക്സിൻ സൗദിയിൽ നിന്ന് സ്വീകരിച്ചവർക്ക് തവക്കൽനായിൽ വാക്സിൻ കംപ്ലീറ്റഡ് എന്ന് ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടെങ്കിൽ പോലും അവർക്ക് വീണ്ടും ഒരു ഡോസ് കൂടി (ആകെ രണ്ട് ഡോസ്) സൗദിയിൽ നിന്ന് സ്വീകരിക്കാതെ വിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

അതേ സമയം സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് ഇമ്യൂൺ ബൈ ഫസ്റ്റ് ഡോസ് സ്റ്റാറ്റസ് ഉള്ളവർക്കും സൗദിയിൽ നിന്ന് രോഗം ബാധിച്ച് ഒരു ഡോസ് കൂടി സ്വീകരിച്ച് വാക്സിൻ കംപ്ളീറ്റഡ് ആയവർക്കും നാട്ടിൽ നിന്ന് രണ്ട് ഡോസ് സീകരിച്ച് വാക്സിൻ കംപ്ളീറ്റഡ് ആയവർക്കും വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചതിനു ശേഷം സൗദിയിലേക്ക് ക്വാറൻ്റീൻ ഇല്ലാതെ തന്നെ പ്രവേശിക്കാം.

വാക്സിൻ എടുക്കാത്തവർക്കും തവക്കൽനായി ഇമ്യൂൺ ആകാത്തവർക്കും 14 ദിവസം വിലക്കേർപ്പെടുത്താത്ത രാജ്യത്ത് കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കാം. ഇവർ സൗദിയിൽ 7 ദിവസം ഹോട്ടൽ ക്വാറൻ്റീനിൽ കഴിയണം എന്ന് മാത്രം. അതിനു അംഗീകാരമുള്ള ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യുകയും വേണം.

ചുരുക്കത്തിൽ സൗദിയിലേക്ക് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശനത്തിനു അനുമതി ഉള്ളത് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണെന്നതിനാൽ തവക്കൽനായിൽ വാക്സിൻ കംപ്ളീറ്റഡ് എന്ന് കാണിക്കുന്നുണ്ടെങ്കിൽ പോലും രണ്ട് ഡോസ് സൗദിയിൽ നിന്ന് സ്വീകരിക്കാത്തവർ സാഹസികതക്ക് മുതിരാതിരിക്കുകയാണ് ബുദ്ധി.

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ച് അതി ബുദ്ധി കാട്ടി നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയാൽ കനത്ത ശിക്ഷ എയർലൈൻ കംബനിക്ക് പുറമെ യാത്രക്കാരനും ലഭിച്ചേക്കുമെന്ന് ഓർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്