സൗദിയിലെ കൊട്ടാരത്തിൽ നിന്ന് കവർന്നത് അപൂർവ്വ രത്നങ്ങളും 90 കിലോ സ്വർണ്ണവും പണവും; തിരിച്ചയച്ചത് ഡ്യൂപ്ളിക്കേറ്റ്: സൗദി-തായ് ബന്ധം തകർന്നതിങ്ങനെ
തായ് പ്രധാനമന്ത്രി ഇന്ന് റിയാദിലെത്തിയ വാർത്ത മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുംബോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മൂന്ന് പതിറ്റാണ്ട് മുംബ് തകരാനുണ്ടായ കാരണവും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവ വികാസങ്ങളായിരുന്നു.
സൗദി കൊട്ടാരത്തിൽ ജോലി ചെയ്തിരുന്ന ഒരു തായ് തൊഴിലാളി 90 കിലോ ആഭരണങ്ങളും പണവും സ്വദേശത്തേക്ക് കടത്തിയതായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ബന്ധങ്ങൾ തകരാൻ കാരണം.
1989 ൽ കൊട്ടാര ഉടമകൾ വിദേശത്തായിരുന്ന സമയത്ത് അന്നത്തെ രണ്ട് കോടി ഡോളർ വിലയുള്ള ആഭരണങ്ങൾ പല ഘട്ടങ്ങളായാണു തായ് തൊഴിലാളി സ്വദേശത്തേക്ക് കടത്തിയത്.
ഉടമകൾ തിരിച്ചെത്തിയപ്പോൾ ആഭരണവും പണവും നഷ്ടപ്പെട്ട വിവരം അറിയുകയും പോലീസിനെ അറിയിക്കുകയും പോലീസ് നാട്ടിലായിരുന്ന തൊഴിലാളിയെ അറസ്റ്റ് ചെയ്യാൻ തായ് സുരക്ഷാ വകുപ്പുമായി ബന്ധപ്പെടുകയും അവർ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചോദ്യ ചെയ്യലിൽ കുറ്റക്കാരനായ തൊഴിലാളി നാട്ടിൽ സ്വർണ്ണം വില്പന നടത്തിയ ആളുകളെക്കുറിച്ച് വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയും തൊഴിലാളിയെ തായ് കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു.
തായ് സുരക്ഷാ ഉദ്യോഗസ്ഥർ തൊഴിലാളിയിൽ നിന്ന് കണ്ടെടുത്ത ആഭരണവും വില്പന നടത്തിയത് വീണ്ടെടുത്തതിൽ നിന്നുള്ള ഭാഗവും റിയാദിലേക്ക് തന്നെ തിരിച്ചയച്ചു. എന്നാൽ അവ വ്യാജ ആഭരണങ്ങളായിരുന്നുവെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.
അപൂർവ്വ ഇനത്തിൽ പെട്ട ബ്ളൂഡയമണ്ട് അടക്കം നഷ്ടപ്പെട്ടവയിൽ ഉൾപ്പെട്ടിരുന്നു. തിരികെ വ്യാജ ആഭരണങ്ങളാണു അയച്ചതെന്നതിനാൽ ഇതിൽ തായ് അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നിരീക്ഷിക്കാൻ സൗദി എംബസിയിലെ ഉദ്യോഗസ്ഥരെ നിയമിക്കുകയും ഈ ഉദ്യോഗസ്ഥരും അവരുമായി സഹകരിച്ചവരുമെല്ലാം പല ഘട്ടങ്ങളായി കൊല്ലപ്പെടുകയും ചെയ്തു. അതോടൊപ്പം സ്വന്തം നിലയിൽ അന്വേഷണം നടത്തിയ മുഹമ്മദ് ബിൻ ഗാനിം റുവൈലിയെന്ന സൗദി വ്യവസായിയും ബാങ്കോക്കിൽ വെച്ച് കൊല്ലപ്പെട്ടു.
ആഭരണക്കവർച്ചയിൽ പങ്കുള്ള തായ് പോലീസ് ഉന്നത ഉദ്യോഗസ്ഥർ റുവൈലിയുടെ ഫോൺ കാൾ ചോർത്തിയതിനു പിറകെയായിരുന്നു അദ്ദേഹം കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനു നേരത്തെ കൊല്ലപ്പെട്ട സൗദി നയതന്ത്ര ഉദ്യോഗസ്ഥരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിരുന്നു എന്നാണു റിപ്പോർട്ട്.
കൊലപാതക പരംബരകൾ അരങ്ങേറിയതോടെ തായ്ലാൻ്റുകാർക്ക് വിസ നൽകുന്നത് സൗദി നിർത്തി വെച്ചു. സൗദിയിലെ തായ് തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സൗദികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ തായ് ഗവണ്‌മൻ്റ് തീരുമാനിക്കുകയും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ തകരാൻ കാരണമാകുകയും ചെയ്തു.
ശേഷം സൗദിയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാനുള്ള നടപടി തായ് സർക്കാർ മരവിപ്പിച്ചു. അതേ സമയം റുവൈലിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവില്ലാത്തതിനാൽ വിചാരണ ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പ്രസ്താവിച്ചു. ആഭരണക്കേസിൽ പങ്കുള്ള മറ്റു ഉദ്യോഗസ്ഥരെയും മതിയായ തെളിവില്ലാത്തതിനാൽ തായ് കോടതി ശിക്ഷിച്ചില്ല.
തായ് അധികൃതരുടെ സമീപനത്തിനെതിരെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആഭരണക്കേസിൽ ഭാഗമായ തായ് പോലീസ് മേധാവിയാണു അന്വേഷണ ഗതി തിരിച്ച് വിട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുനു.
പിന്നീട് തായ് ഗവണ്മെൻ്റ് സൗദി പൗരന്മാർ കൊല്ലപ്പെട്ട സംഭവങ്ങളിൽ ക്ഷമാപണം നടത്തുകയും പുതിയ തെളിവുകൾ ലഭ്യമാകുന്ന മുറക്ക് കേസിൽ പുനരന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa