സൗദിയിൽ മിസൈൽ ആക്രമണം; ഇന്ത്യക്കാരനടക്കം രണ്ട് വിദേശികൾ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ഒരു മെയിന്റനൻസ് ആൻഡ് ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈൽ പതിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്.
പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നും അധികൃതർ സ്ഥിരീകരിച്ചു. മിസൈൽ പതിച്ചതിനെത്തുടർന്ന് താമസസ്ഥലത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംഭവം നടന്നയുടനെ സിവിൽ ഡിഫൻസും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി.
ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കും ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിനും ശേഷം ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് നടത്തിയത്.
ചൊവ്വാഴ്ച സൗദി അറേബ്യയിലെ യുഎസ് എംബസിയും യുഎഇ യിലെ അമേരിക്കൻ കോൺസുലേറ്റും ഡ്രോൺ ആക്രമണത്തിന് വിധേയമായിരുന്നു.
സിവിലിയൻ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അധികൃതർ കുറ്റപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
