Tuesday, March 10, 2026
Saudi ArabiaTop Stories

ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ; ആക്രമണം വ്യാപിച്ചാൽ വൻ നഷ്ടം സംഭവിക്കുക ഇറാന്

റിയാദ്: സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ഒരു സാഹചര്യത്തിലും ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

അയൽരാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതിയില്ലെന്നും ആക്രമണങ്ങൾ തങ്ങളുടെ നേതൃത്വ കൗൺസിലിന്റെ തീരുമാനമാണെന്നും ഇറാൻ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്കുകൾ പ്രവൃത്തിയിൽ കാണാൻ സാധിക്കുന്നില്ലെന്ന് സൗദി കുറ്റപ്പെടുത്തി.

പ്രസിഡന്റിന്റെ പ്രസംഗത്തിന് ശേഷവും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഇറാൻ ആക്രമണം തുടരുകയാണ്. സൗദിയിൽ നിന്ന് യുദ്ധവിമാനങ്ങൾ ഇറാനെതിരെ പറന്നുയരുന്നു എന്ന ഇറാന്റെ ആരോപണം വ്യാജമാണെന്ന് സൗദി വീണ്ടും വ്യക്തമാക്കി.

സൗദി വിമാനങ്ങൾ രാജ്യത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും വ്യോമപാതയെ ഇറാന്റെ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സംരക്ഷിക്കുന്നതിനായുള്ള പട്രോളിംഗിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

സിവിലിയൻ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണക്കമ്പനികൾ എന്നിവയെ ലക്ഷ്യം വയ്ക്കുന്നത് മേഖലയിലെ സ്ഥിരത തകർക്കാനാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സൗദി ചൂണ്ടിക്കാട്ടി.

നിലവിലെ ഇറാന്റെ നീക്കങ്ങൾ വിവേകശൂന്യമാണ്. യുദ്ധം വ്യാപിക്കുന്നത് ഇറാന് തന്നെയാകും ഏറ്റവും വലിയ നഷ്ടമുണ്ടാക്കുകയെന്നും സൗദി മുന്നറിയിപ്പ് നൽകി. തുടർച്ചയായ ഇത്തരം ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെയും ഭാവിയിലെയും നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa