Monday, March 16, 2026
Middle EastTop StoriesWorld

സഖ്യകക്ഷികൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ്; 40 വർഷം ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചു, ഇപ്പോൾ നിങ്ങൾ സഹായിക്കുന്നില്ല

ഇറാൻ-ഇസ്രായേൽ യുദ്ധം ഹോർമൂസ് കടലിടുക്കിലെ എണ്ണക്കടത്തിനെ ബാധിച്ച സാഹചര്യത്തിൽ, സഹായത്തിന് മടിച്ചുനിൽക്കുന്ന സഖ്യകക്ഷികൾക്കെതിരെ രൂക്ഷവിമർശനവുമായി ഡൊണാൾഡ് ട്രംപ്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാത സംരക്ഷിക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന അമേരിക്കയുടെ ആവശ്യം പല പ്രമുഖ രാജ്യങ്ങളും തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് തന്റെ അതീവ നൈരാശ്യം വെളിപ്പെടുത്തി. “കഴിഞ്ഞ 40 വർഷമായി ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ ഇപ്പോൾ ഒപ്പം നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങൾ വലിയ ആവേശത്തോടെയും വേഗത്തിലും അമേരിക്കയോടൊപ്പം ഹോർമുസ് സംരക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വർഷങ്ങളായി അമേരിക്കയുടെ സൈനിക സംരക്ഷണം അനുഭവിക്കുന്ന പല രാജ്യങ്ങളും ഈ പ്രതിസന്ധി ഘട്ടത്തിൽ ഒഴിഞ്ഞുമാറുകയാണ്. ഈ ആവേശക്കുറവ് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഡ്രോണുകളും മിസൈലുകളും കടൽ മൈനുകളും ഉപയോഗിച്ച് ഹോർമൂസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടച്ചിരിക്കുകയാണ്.

ലോകത്തെ മൊത്തം പെട്രോളിയം, എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa