അലി ലാരിജാനിയെയും ഇറാനിയൻ ബാസിജ് മിലിഷ്യയുടെ കമാൻഡറെയും കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി
ഇറാനിലെ അതീവ പ്രമുഖരായ രണ്ട് സൈനിക-രാഷ്ട്രീയ നേതാക്കളെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി തലവൻ അലി ലാരിജാനി, ബാസിജ് സേനാ കമാൻഡർ ഗുലാം റെസ സുലൈമാനി എന്നിവരാണ് ഇസ്രായേൽ നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നത്.
ഇറാൻ ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു അലി ലാരിജാനി. മുജ്തബ ഖമേനി കഴിഞ്ഞാൽ ഭരണകൂടത്തിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ വ്യക്തിയായാണ് ലാരിജാനി കണക്കാക്കപ്പെട്ടിരുന്നത്.
തിങ്കളാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലെ പ്രധാന ലക്ഷ്യം ലാരിജാനി ആയിരുന്നുവെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ലാരിജാനിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക നേരത്തെ വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളിലും സുരക്ഷാ തന്ത്രങ്ങളിലും നിർണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഇറാന്റെ ആഭ്യന്തര സുരക്ഷാ സേനയായ ബാസിജ് കമാൻഡർ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ടെഹ്‌റാനിൽ നടത്തിയ കൃത്യമായ ആക്രമണത്തിലൂടെയാണ് സുലൈമാനിയെ വധിച്ചതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ഇറാന്റെ പാര മിലിട്ടറി വിഭാഗമായ ബാസിജിന്റെ തലവൻ കൊല്ലപ്പെട്ടത് ശെരിയാണെങ്കിൽ ഇറാൻ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എന്നാൽ ഇറാൻ ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
