Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ ലീവിന് പോകും മുമ്പ് തന്നെ ലീവ് സാലറി നൽകിയിരിക്കണം; ബന്ധുക്കൾ മരിച്ചാൽ 5 ദിവസം ശമ്പളത്തോട് കൂടെയുള്ള അവധി

ജിദ്ദ: വാർഷികാവധിക്കു മുമ്പ് തന്നെ തൊഴിലാളികളുടെ ലീവ് സാലറി നൽകണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ . ഒരു വർഷത്തിൽ 21 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്കു തൊഴിലാളിക്ക് അവകാശമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. അഞ്ച് വര്ഷം സർവീസ് ഉള്ളയാൾക്ക് വർഷത്തിൽ 30 ദിവസത്തിൽ കുറയാത്ത അവധി ലഭിക്കും.

ലീവ് അനുവദിക്കുന്നത് ലീവ് സാലറിയോട് കൂടെ ആയിരിക്കണം. അവധിയിൽ പോകുന്നതിനു മുമ്പ് തന്നെ ലീവ് സാലറി തൊഴിലാളിക്ക് കൈമാറിയിരിക്കണം.

ജീവനക്കാരൻ സ്വയം തൊഴിൽ ഉപേക്ഷിക്കുകയാണെങ്കിൽ പോലും സർവീസ് കാലത്തിനു അനുസൃതമായുള്ള വാര്ഷികാവധിക്കനുസൃതമായുള്ള ലീവ് സാലറി ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്.

മാതാപിതാക്കൾ, ഭാര്യ-ഭർത്താവ്-മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാലും വിവാഹത്തിനും തൊഴിലാളിക്ക് സാലറിയോട് കൂടെയുള്ള അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. സന്താനങ്ങളുണ്ടാകുമ്പോൾ പുരുഷന്മാർക്ക് മൂന്ന് ദിവസത്തെ അവധി നൽകിയിരിക്കണം.

ഹജ്ജ് നിർവ്വഹിച്ചിട്ടില്ലാത്ത തൊഴിലാളിക്ക് സർവീസ് കാലത്തു ഒരു ഹജ്ജ് നിർവ്വഹിക്കുന്നതിനായി ശമ്പളത്തോടെയുള്ള അവധിക്ക് അവകാശമുണ്ട്. ബലിപെരുന്നാൾ അവധി അടക്കം പത്തിൽ കുറയാത്ത ദിവസങ്ങളാണ് അവധി നൽകേണ്ടത്. ഇതിനു രണ്ട് വർഷമെങ്കിലും തൊഴിലാളി സ്പോണ്സര്ക്ക് കീഴിൽ ജോലി ചെയ്തിരിക്കണം.

അതേ സമയം സ്‌പോൺസറുടെ സമ്മതത്തോടെ തൊഴിലാളിക്ക് ശമ്പള രഹിത അവധി എടുക്കാമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. രോഗികളായ തൊഴിലാളികൾക്ക് വർഷത്തിൽ രോഗാവസ്ഥയിലുള്ള ആദ്യ മാസത്തിൽ മുഴുവൻ ശമ്പളത്തോടെയുള്ള അവധി നൽകിയിരിക്കണം.

തുടർന്നുള്ള 60 ദിവസങ്ങളിൽ രോഗാവസ്ഥയിലാണെങ്കിൽ ശമ്പളത്തിന്റെ നാലിൽ മൂന്ന് നൽകിയിരിക്കണം. 60 ദിവസവും പിന്നിട്ടാൽ പിന്നീട് ഒരു മാസം കൂടി ശമ്പളമില്ലാതെ അവധി എടുക്കാം. രോഗാവധി പ്രയോജനപ്പെടുത്തുന്നത് തുടച്ചയായിത്തന്നെ ആയിരിക്കണം എന്നില്ല.

ദിനം പ്രതി സമയ ക്രമം പാലിക്കുകയാണെങ്കിൽ ഒരു ദിവസം 8 മണിക്കൂറിലധികവും ആഴ്ചയിൽ മൊത്തം സമയം കണക്കാക്കുകയാണെങ്കിൽ പരമാവധി 48 മണിക്കൂറിലധികവും ഒരു തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കാൻ അനുമതിയില്ല എന്നാണു നിയമം. തൊഴിലാളിയെക്കൊണ്ട് ദിവസം 8 മണിക്കൂറിലധികവും ആഴ്ചയിൽ 48 മണിക്കൂറിലധികവും ജോലി ചെയ്യിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്.

വാരാന്ത്യ അവധിക്ക് പകരം പണം നൽകിയാൽ മതിയാകില്ല. അവധി ദിനത്തിൽ 24 മണിക്കൂർ പൂർണ്ണമായും ഒരു ദിവസത്തെ വേതനം നൽകിക്കൊണ്ട് തന്നെ അവധി നൽകിയിരിക്കണം. വെള്ളിയാഴ്ച ഓരോ തൊഴിലാളിക്കും അവധി നൽകേണ്ടതുണ്ട്. അതേ സമയം വെള്ളിയാഴ്ചക്ക് പകരം മറ്റൊരു ദിവസം തൊഴിലുടമക്ക് അവധി നൽകാൻ അനുമതിയുണ്ട്. ഇത് ലേബർ ഓഫീസിൽ അറിയിച്ചിരിക്കണമെന്നാണു ചട്ടം. വെള്ളിയാഴ്ച ജോലി ചെയ്യുന്നവർക്ക് പ്രാർത്ഥനക്കുള്ള അവസരം തൊഴിലുടമ നൽകിയിരിക്കണം എന്നും സൗദി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്