Monday, November 18, 2024
GCCKeralaTop Stories

നോർക്ക രജിസ്ട്രേഷൻ: പ്രവാസികൾ തെറ്റിദ്ധരിക്കപ്പെടുന്നുവോ?

വെബ്‌ഡെസ്‌ക്: നാട്ടിലേക്ക് തിരിച്ചുപോവാൻ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് രെജിസ്ട്രേഷൻ ഏർപ്പെടുത്തി എന്ന വാർത്തയെ, ആഹ്ലാദത്തോടു കൂടിയാണ് പ്രവാസികൾ വരവേറ്റത്. എന്നാൽ എന്താണ് ഈ രെജിസ്ട്രേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് പല പ്രവാസി സുഹൃത്തുക്കള്ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിലെ പലരുടെയും പോസ്റ്റുകളും കമന്റുകളും വ്യക്തമാക്കുന്നത്.

മുകളിലെ ഈ വാക്കുകളാണ് നോർക്കയുടെ രജിസ്ട്രേഷനുള്ള സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയുടേതായി നമ്മെ വരവേൽക്കുന്നത്. ഇതിൽ വ്യക്തമായി പറയുന്നത് കേരളം പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായെന്നും ഇനി കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ്. എന്നാൽ പല പ്രവാസികളും തെറ്റിദ്ധരിച്ചിരിക്കുന്നത് നോർക്കയുടെ രജിസ്ട്രേഷൻ നാട്ടിലേക്ക് വരാനുള്ള എളുപ്പ വഴിയാണെന്നാണ്.

നോർക്ക റൂട്സ് ഡയറക്ടർ ഒവി മുസ്തഫയുടെ വീഡിയോ സന്ദേശത്തിൽ പറയുന്നത് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്, പ്രയോരിറ്റി പ്രകാരമാണ് നാട്ടിലേക്ക് അയക്കുക എന്നുമാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് ഷെയർ ചെയ്യപ്പെട്ടത്.

വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ശെരിയായ രീതിയിൽ മനസ്സിലാകാതെ പല രൂപത്തിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. മലയാളികളായ പ്രവാസികളെ നോർക്ക നാട്ടിലേക്ക് എത്തിക്കുന്നു എന്ന് തന്നെ ബഹുഭൂരിപക്ഷവും വിശ്വസിക്കുകയായിരുന്നു.

എന്നാൽ പിന്നീട് വന്ന വിശദീകരണത്തിൽ പറയുന്നത്, നോർക്കയിൽ രജിസ്ട്രേഷൻ നടത്തിയത് കൊണ്ട് ടിക്കറ്റ് എടുത്ത് ആളുകൾക്ക് കയറിപ്പോരാവുന്നത്ര എളുപ്പമാണ് കാര്യങ്ങൾ എന്നു വരുത്തി തീർക്കുന്നത് ശരിയല്ല എന്നും. ഗർഭിണികൾ, വിദ്യാർത്ഥികൾ, പ്രായമായവർ, വിസകാലാവധി കഴിഞ്ഞവർ എന്നിങ്ങനെ പ്രയോരിറ്റി തീരുമാനിക്കുന്നതുപോലും കേന്ദ്രമാണെന്നുമാണ്.

കേരളത്തിലെ പ്രവാസികളെ കോറന്റൈൻ ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടി മാത്രമാണ് ഈ രജിസ്ട്രേഷൻ എന്ന് നോർക്ക ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാരും വ്യോമയാന മന്ത്രാലയവുമാണ് പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടതും നടപ്പിലാക്കേണ്ടതും എന്നിരിക്കെ, നോർക്ക റൂട്സിൽ രജിസ്റ്റർ ചെയ്യുന്നതോടു കൂടി നാട്ടിലേക്ക് പോവാനുള്ള വഴി തെളിഞ്ഞു എന്ന് തെറ്റിദ്ധരിക്കാതിരിക്കുക.

കേരളത്തിനു പുറത്തുള്ള കേരളീയരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ ഒരു വകുപ്പ് മാത്രമാണ് നോർക്ക റൂട്ട്സ്. രണ്ട് രാജ്യങ്ങളുടെ വ്യോമ മന്ത്രാലയങ്ങൾ ഉൾപ്പെട്ട വിഷയത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായ കേരളത്തിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന് പ്രവാസികൾ തിരിച്ചറിയണം.

നിലവിൽ ഒന്നേകാൽ ലക്ഷത്തിനു മുകളിൽ രജിസ്ട്രേഷൻ നടന്നതായാണ് നോർക്ക അറിയിച്ചിട്ടുള്ളത്. ഇവർക്കുള്ള കോറന്റൈനുള്ള സൗകര്യം ഒരുക്കുക എന്നതു മാത്രമാണ് നോർക്കയുടെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ കോറന്റൈനും മറ്റു സൗകര്യങ്ങളും സംബന്ധിച്ചാണ് രജിസ്ട്രേഷൻ എന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa