സൗദിയിലെ വിദേശ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത; കമ്പനി സ്തംഭിച്ചാലും തൊഴിലാളിക്ക് ഒരു ആനുകൂല്യവും നഷ്ടപ്പെടാതിരികാനുള്ള ഇൻഷൂറൻസ് പദ്ധതിക്ക് മന്ത്രി സഭയുടെ അംഗീകാരം
ജിദ്ദ: സ്ഥാപനങ്ങൾ സ്തംഭിച്ചാലും സൗദിയിലെ വിദേശ തൊഴിലാളികൾക്ക് വേതനവും സർവീസ് മണിയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നത് ഉറപ്പ് വരുത്തുന്നതിനുള്ള ഇൻഷൂറൻസ് പദ്ധതിക്ക് സൗദി മന്ത്രി സഭ അംഗികാരം നൽകി.

ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള മുഴുവൻ ചെലവുകളും സൗദി സർക്കാർ വഹിക്കുമെന്നും മന്ത്രി സഭാ തീരുമാനത്തിൽ അറിയിക്കുന്നു.
ഏതെങ്കിലും രീതിയിൽ സ്ഥാപനങ്ങൾ സ്തംഭിക്കുകയോ പ്രയാസത്തിലാകുകയോ ചെയ്താലും വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു ഈ പദ്ധതി സഹായകരമാകുമെന്ന് സൗദി മാനവ വിഭവ ശേഷി സാമുഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പറഞ്ഞു.
ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സൗദി മന്ത്രി സഭ അംഗീകാരം നൽകിക്കഴിഞ്ഞു.

നേരത്തെ സൗദിയിലെ വിവിധ സ്ഥാപനങ്ങൾ പല കാരണങ്ങൾ കൊണ്ട് സ്തംഭിക്കുകയും വിദേശ തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കാതെ വരികയും ചെയ്തിരുന്നു. ഇൻഷൂറൻസ് പദ്ധതി ഒരുങ്ങുന്നതോടെ ഇനി മുതൽ ഒരു ആനുകൂല്യവും ലഭിക്കാതെ പോകില്ല എന്നത് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് വലിയ സുരക്ഷാ ബോധമാണു നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa