സൗദി ഇനി പഴയ സൗദിയല്ല; പ്രവാസി പഴയ പ്രവാസിയുമാകില്ല
ജിദ്ദ: മക്കയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരനായ സ്നേഹിതൻ്റെ ഉപ്പ മരിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്നാണു അവനെ വിളിച്ചത്. മയ്യിത്ത് നമസ്ക്കാരത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പോകാൻ ശ്രമിച്ചില്ലേ എന്ന് അവനോട് ചോദിച്ചപ്പോൾ റി എൻട്രി ഇഷ്യു ചെയ്ത് തരാൻ ആദ്യ മണിക്കൂറുകളിൽ സ്ഥാപനത്തിലെ ഉത്തരവാദിത്വപ്പെട്ടവർ മന:പൂർവ്വം മെല്ലെപ്പോക്ക് നയം സ്വീകരിച്ച കാര്യം അവൻ സൂചിപ്പിച്ചു. പിന്നിട് റി എൻട്രി ഇഷ്യു ചെയ്ത് തരാൻ അവർ സന്നദ്ധരായപ്പോഴേക്കും നാട്ടിൽ ഖബറടക്കം കഴിഞ്ഞിരുന്നു.
ഇത് ഒരു സുഹൃത്തിൻ്റെ മാത്രം അനുഭവമല്ലെന്ന് നമുക്കറിയാം. സൗദിയിൽ ഇത്തരം അനുഭവങ്ങളുള്ള നിരവധി പ്രവാസികൾ ഉണ്ടാകുമെന്നത് ഉറപ്പാണ്. സൗജന്യമായി ലഭിക്കുന്ന എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ പോലും കൂലിക്കഫീലിനു പണം നൽകേണ്ടി വന്ന ഒരു സുഹൃത്തിനെ എനിക്കറിയാം. ഇത് പോലെ സ്വന്തം വീട്ടിൽ നടക്കുന്ന വിവാഹത്തിനു പോലും കൃത്യ സമയത്ത് എത്താൻ പറ്റാത്ത അവസ്ഥ നിരവധി പ്രവാസി സുഹൃത്തുക്കൾക്ക് ഉണ്ടായിട്ടുണ്ട്.
ഈ പ്രയാസങ്ങളെല്ലാം സൗദി പ്രവാസികൾക്ക് ഉണ്ടാകാനുണ്ടായ സാഹചര്യം റി എൻട്രി വിസയോ എക്സിറ്റ് വിസയോ ഇഷ്യു ചെയ്യാൻ കഫീലിനു മാത്രമേ അനുമതിയുള്ളൂ എന്ന നിയമമായിരുന്നു എന്നതാണു വസ്തുത.
പാസ്പോർട്ട് തൊഴിലാളിയുടെ കൈയിൽ തന്നെ വെക്കണം എന്ന നിയമം ശക്തമാക്കിയ ശേഷം പല തൊഴിലുടമകളും പാസ്പോർട്ടുകൾ തൊഴിലാളികൾക്ക് തിരികെ നൽകിയിരുന്നു. പക്ഷേ ആ സമയവും തൊഴിലാളിക്ക് അർജൻ്റായി നാട്ടിൽ പോകണമെങ്കിൽ തൊഴിലുടമയോ മാനേജറോ എച്ച് ആർ ജീവനക്കാരനോ കനിഞ്ഞാൽ മാത്രമേ സാധ്യമാകൂ എന്നതായിരുന്നു അവസ്ഥ. പലപ്പോഴും തൊഴിലുടമകളുടെ അഭാവവും അവരെ കൃത്യ സമയത്ത് കിട്ടാത്തതും ചില മാനേജർമാരുടെ മോശപ്പെട്ട സമീപനങ്ങളുമെല്ലാം പലരുടെയും നാട്ടിലേക്കുള്ള എമർജൻസി യാത്രകൾ വൈകാൻ കാരണമാകാറുണ്ട്.
എന്നാൽ സൗദിയിലെ തൊഴിൽ നിയമത്തിൽ അടുത്ത മാർച്ച് മുതൽ വൻ പരിഷ്ക്കരണം നിലവിൽ വരാനിരിക്കേ പഴയ സംഭവങ്ങളൊക്കെ ഇനി കഥകളായി മാറാൻ പോകുകയാണെന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് പറയാതെ വയ്യ.
മാർച്ച് 14 മുതൽ ഒരു തൊഴിലാളിക്ക് നാട്ടിൽ പോകണമെന്നുണ്ടെങ്കിൽ തൊഴിലുടമയുടെ കാലു പിടിക്കെണ്ടതില്ല, മറിച്ച് സ്വന്തമായി ഒരു അബ്ഷിർ അക്കൗണ്ട് ഉണ്ടായാൽ മാത്രം മതി എന്നതാണു പ്രത്യേകത. അതോടൊപ്പം തൊഴിലാളി സ്വന്തമായി ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്യാൻ പോലും തൊഴിലുടമക്ക് അധികാരമില്ലെന്നതും പ്രത്യേകം ഓർക്കണം.
ഇതോടൊപ്പം സൗദി പ്രവാസികൾ അനുഭവിച്ചിരുന്ന വലിയൊരു പ്രശനമായിരുന്നു നല്ലൊരു തൊഴിൽ സാധ്യത കണ്ടെത്തിയാലും തൊഴിൽ മാറ്റത്തിനു കഫീലിൻ്റെ അനുമതി കൂടിയേ തീരൂ എന്നത്.
പല തൊഴിലുടമകളും തൊഴിലാളിക്ക് വേതനം വർദ്ധിപ്പിക്കാൻ വിസമ്മതിക്കുകയും അതോടൊപ്പം മികച്ച അവസരം ഉണ്ടെങ്കിലും കഫാല കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എക്സിറ്റിൽ പോയി പുതിയ വിസയിൽ വരാനുള്ള ചെലവുകൾ ആലോചിച്ച് പലരും ക്ഷമിച്ച് മുന്നോട്ട് പോകാറാണുള്ളത്. ചില തൊഴിലുടമകൾ എക്സിറ്റ് കൊടുക്കേണ്ടി വരും എന്ന് കരുതി ഇഖാമ നേരത്തെ പുതുക്കുകയും എക്സിറ്റ് ചോദിച്ചാൽ ഇഖാമ പുതുക്കാൻ കാശ് ചെലവായ കാര്യം പറഞ്ഞ് തൊഴിലാളിയെ ചെറിയ വേതനത്തിൽ തന്നെ തുടരാൻ നിർബന്ധിക്കുകയും ചെയ്യുന്നതും പലർക്കും അനുഭവം ഉള്ള കാര്യമാണ്.
ഏതായാലും ഇനി മാർച്ച് മുതൽ ഈ അവസ്ഥക്കും മാറ്റം വരാൻ പോകുന്നുവെന്നത് വലിയ പ്രതീക്ഷയാണു പ്രവാസി സമൂഹത്തിനു നൽകുന്നത്. കരാർ കാലാവധി കഴിഞ്ഞാലും സൗദിയിലെത്തി ഒരു വർഷം കഴിഞ്ഞാൽ കരാർ കാലാവധി കഴിഞ്ഞില്ലെങ്കിലും പുതിയ തൊഴിലുടമയിലേക്ക് മാറാൻ വിദേശികൾക്ക് എളുപ്പത്തിൽ സാധിക്കുമെന്നതാണു നിയമം. കരാർ കഴിഞ്ഞാണെങ്കിൽ യാതൊരു ഉപാധിയുമില്ലാതെയും കരാർ കഴിയാതെയാണെങ്കിൽ അത് മൂലം നിലവിലെ തൊഴിലുടമക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം നൽകിയും തൊഴിൽ മാറ്റം സാധ്യമാകും.
അടുത്ത മാർച്ച് മുതൽ സൗദി അറേബ്യ പഴയ സൗദി അറേബ്യയോ പ്രവാസികൾ പഴയ പ്രവാസികളോ ആകില്ല എന്നത് ആലങ്കാരികമായൊരു വാക്കല്ല. മറിച്ച് സംഭവിക്കാൻ പോകുന്ന ഒരു യാഥാർത്ഥ്യമാണ്. മാർച്ച് മുതൽ യാതൊരു മാനസിക സമ്മർദ്ദങ്ങളില്ലാതെ ജോലി ചെയ്യാൻ സൗദി പ്രവാസികൾക്ക് സാധിക്കുമെന്നത് കൊണ്ട് തന്നെ തന്നെ സൗദി അറേബ്യ കാണാൻ പോകുന്നത് കൂടുതൽ ഊർജ്ജസ്വലരും ഉത്പാദനക്ഷമതയുമുള്ള പ്രവാസികളെയായിരിക്കും. അതോടൊപ്പം രാജ്യത്തിൻ്റെ പുതിയ മാറ്റത്തിൽ ആകൃഷ്ടരായി വൻ നിക്ഷേപങ്ങൾ നടത്താൻ തയ്യാറാകുന്ന വിദേശ നിക്ഷേപകരും സൗദിയിലേക്ക് ഒഴുകുമെന്ന് തന്നെ ഉറപ്പിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa