Wednesday, April 30, 2025
Saudi ArabiaTop Stories

പരിശോധന തുടരുന്നു; സ്‌പോൺസർ മാറി ജോലി ചെയ്തിരുന്ന ഏഴു വിദേശികൾ പിടിയിൽ

ദമ്മാം: സൗദിയിൽ തൊഴിൽ നിയമലംഘനം കണ്ടെത്താനുള്ള തിരച്ചിൽ തുടരവെ, സ്‌പോൺസർ മാറി ജോലി ചെയ്തിരുന്ന ഏഴു വിദേശികൾ ദമ്മാമിൽ പിടിയിലായി.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും, പോലീസും, ലേബർ ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ദമ്മാം മത്സ്യ മാർക്കറ്റിൽ നിന്നും സ്‌പോൺസർ മാറി ജോലി ചെയ്തിരുന്ന ഏഴു വിദേശികൾ പിടിയിലായത്.

വൈകീട്ട് ആറ് മണിക്ക് കിഴക്കൻ പ്രവിശ്യാ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം മേധാവി ആരിഫ് അൽശഹ്‌രിയുടെ നേതൃത്വത്തിൽ, മാർക്കറ്റിന്റെ എല്ലാ കവാടങ്ങളും അടച്ചുകൊണ്ടായിരുന്നു റൈഡ് നടത്തിയത്.

മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ, വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്തവരും പിടിയിലായി. സൗദിവത്ക്കരണം നിർബന്ധമാക്കിയ മേഖലകളിൽ വിദേശികളെ ജോലിക്കു വെച്ചതുമായി ബന്ധപ്പെട്ട് മത്സ്യമാർക്കറ്റിലെ നിരവധി സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.

റെയ്ഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സ്യ മാർക്കറ്റിലെക്കുള്ള മുഴുവൻ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും അടച്ചായിരുന്നു പരിശോധന നടത്തിയത്.

ദമാമിലെയും ഖത്തീഫിലെയും മത്സ്യ മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിടലാളികളിൽ ഭൂരിഭാഗവും വിദേശികളാണ്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിലെ തീരുമാന പ്രകാരമായിരുന്നു റെയ്‌ഡ് നടത്തിയതെന്ന് ആരിഫ് അൽശഹ്‌രി പറഞ്ഞു. പരിശോധനകൾ ഇനിയും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa