ജനവാസത്തിന്റെ കണിക പോലുമില്ലാത്ത മണൽകാട്ടിൽ എനിക്ക് കൂട്ടായി 300 ആടുകളും മുപ്പത് ഒട്ടകങ്ങളും മാത്രം; കോയാക്ക കഥ തുടർന്നു
✍️ഫൈസൽ മാലിക് എ.ആർ നഗർ
ഇത് കോയ കരിങ്കപ്പാറ. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശി. ഒരു ശരാശരി പ്രവാസിയുടെ നേർചിത്രത്തിന്റെ സാക്ഷിപത്രമായി അൻപത്തിയാറാം വയസിലും പാതിവഴിയിൽ നിൽക്കുന്ന ജീവിത സ്വപ്നങ്ങളുമായി പരിഭവങ്ങളില്ലാതെ കഴിയുന്നു. പലവിധ രോഗങ്ങൾ ശരീരത്തെ കീഴ്പ്പെടുത്തി തുടങ്ങിയെങ്കിലും ഒരു മടക്കയാത്രയെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത സാഹചര്യമാണിന്നും.
1993-ലാണ് ആട് വിസയിൽ സൗദി അറേബ്യയിലെ റിയാദിനടുത്ത മജ്മഇലേക്ക് വരുന്നത്. ഒരു രാവും പകലും അന്നവും വെള്ളവുമില്ലാതെ എയർപോർട്ട് കഴിച്ചുകൂട്ടി. അവിടെനിന്ന് എടരിക്കോട്ടുകാരനായ ഒരു ടാക്സി ഡ്രൈവർ ബത്ഹയിലേക്ക് കൊണ്ടുപോയി. മജ്മയിലുള്ള കൂട്ടുകാരുടെ അടുത്തേക്കാണ് പോകേണ്ടത്. അവരാണ് വിസ അയച്ച് തന്നത്. എന്നാൽ അവരുടെ ഫോൺ നമ്പറോ മറ്റ് അഡ്രസോ ഇല്ല. അവിടെ ഹോട്ടൽ നടത്തുകയാണെന്ന് മാത്രം അറിയാം. ബത്ഹയിൽ നിന്ന് ഒരു സ്വദേശിയുടെ ടാക്സിയിൽ മജ്മഇയിൽ ചെന്നിറങ്ങി. ഭാഗ്യത്തിന് ഒരു മലയാളിയെ കണ്ടുമുട്ടി.അദ്ദേഹമാണ് കൂട്ടുകാരുടെ അടുത്തേക്ക് എന്നെ എത്തിച്ചത്. രണ്ട് ദിവസം അവരോടൊപ്പം കഴിഞ്ഞു. മൂന്നാം ദിവസം അറബി വന്ന് മരുഭൂമിയിലേക്ക് കൊണ്ടുപോയി. മജ്മഇയിൽ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റർ ദൂരെ ജനവാസത്തിന്റെ കണിക പോലുമില്ലാത്ത മണൽകാട്ടിൽ എനിക്ക് കൂട്ടായി 300 ആടുകളും മുപ്പത് ഒട്ടകങ്ങളും മാത്രം.
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മകൾ പിറന്ന ശേഷമാണ് എങ്ങനെയെങ്കിലും വിസ ശരിയാക്കി കടൽ കടക്കണമെന്ന ചിന്ത തുടങ്ങുന്നത്. നാലാംക്ലാസ് വരെ വിദ്യാഭ്യാസമുള്ള എനിക്ക് ആട് വിസ അല്ലാതെ മറ്റെന്ത് ജോലി കിട്ടാനാണ്. തികച്ചും അപരിചിതമായ ചുറ്റുപാടിൽ ആടുകളുടേയും ഒട്ടകങ്ങളുടേയും ഇടയിലുള്ള ജീവിതം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല. ഇന്നുമുതൽ ഞാനും ഒരു ആടായി മാറുകയാണ്. കുളിക്കാനും അലക്കാനും കഫീൽ സമ്മതിക്കില്ല. ടാങ്കറിൽ കൊണ്ട് വരുന്ന ഉപ്പ് രസമുള്ള വെള്ളം ആടിനും ഒട്ടകത്തിനുമുള്ളതാണ്. അല്ലെങ്കിലും കുളിച്ച് വസ്ത്രം മാറ്റി എങ്ങോട്ട് പോകാനാണ്. ആട്ടിൻപറ്റങ്ങളുടേയും ഒട്ടകക്കൂട്ടങ്ങളുടേയും കൂടെ ഒരംഗമായി മൂന്നുവർഷമാണ് അവിടെ കഴിച്ചുകൂട്ടിയത്. വിസ വാങ്ങുമ്പോൾ മാസം 500 റിയാൽ ശമ്പളം പറഞ്ഞിരുന്നെങ്കിലും 400 റിയാൽ വീതമാണ് ലഭിച്ചത്. ആഴ്ചയിലൊരിക്കൽ പുല്ലും ഉണക്ക റൊട്ടിയുമായി സൗദി വരും. സുബ്ഹി മുതൽ ജോലി തുടങ്ങും. അവൻ ഉണ്ടെങ്കിൽ പിന്നെ ബാങ്ക് കൊടുക്കുന്നതൊക്കെ അവന്റെ ഇഷ്ടത്തിനാണ്. പുലർച്ചെ മൂന്നു മണിക്ക് വരെ സുബ്ഹി ബാങ്ക് കൊടുക്കും. എഴുന്നേറ്റില്ലെങ്കിൽ പിന്നെ പ്രഹരമാണ്.
മജ്മഇൽ ഉള്ള മലയാളികൾക്ക് ഒരു കത്ത് എഴുതി കൊടുത്തയച്ചാൽ മാസങ്ങൾക്കുശേഷമാണ് എത്തിച്ചു നൽകുക. പലപ്പോഴും ഒട്ടകപ്പാൽ മാത്രമായിരിക്കും ഭക്ഷണം. ദിവസങ്ങൾ ചെന്ന ഉണക്ക റൊട്ടി പച്ച വെള്ളത്തിൽ മുക്കി എത്രയോ കഴിച്ചിട്ടുണ്ട്. അസുഖം ഉണ്ടായാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകില്ല. അതൊക്കെ സഹിച്ച് അവിടെ കഴിയണം. കെഞ്ചി പറഞ്ഞാൽ പോലും കേട്ട ഭാവം നടിക്കില്ല. ഈ മൂന്ന് വർഷത്തിനിടയിൽ പുറംലോകം കണ്ടത് വെറും ആറു പ്രാവശ്യം മാത്രം. അതും മജ്മ ഒട്ടകസൂഖിലേക്ക് ഒട്ടകങ്ങളെ തെളിച്ചുകൊണ്ട് പോയതാണ്. 200 കിലോമീറ്റർ ദൂരം രാവും പകലും നടന്നാണ് മജ്മഇൽ എത്തുക. വഴി കാണിക്കാൻ മുമ്പിൽ ഒരു വാഹനത്തിൽ കഫീൽ ഉണ്ടാവും. വാഹനം പോയ വഴിയടയാളം നോക്കി ഒട്ടകങ്ങളെ പതുക്കെ തെളിച്ച് കൊണ്ടുപോകണം. കഫീൽ 20-25 കിലോമീറ്റർ ദൂരത്തിൽ ഞങ്ങളെ കാത്തു നിൽക്കും. ഞങ്ങൾ അവിടെ എത്തിയാൽ വീണ്ടും പുറപ്പെടും. ഇന്ന് ഇതൊക്കെ അവിശ്വസനീയമായി തോന്നിയേക്കാം. ഒട്ടകങ്ങളെ കച്ചവടം ചെയ്ത് തിരിച്ച് വരുന്നത് ചാക്ക് കണക്കിന് ഗോതമ്പും ഉണക്ക റൊട്ടിയും തീറ്റപ്പുല്ലും കയറ്റിയ വലിയ വാഹനത്തിലാണ്. മരുഭൂമിയിലെ ടെന്റിൽ എത്തിയാൽ അതുമുഴുവൻ ഒറ്റക്ക് ഇറക്കണം. ദീനം വന്ന് മരണം മുമ്പിൽ കണ്ട സമയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നും അതൊക്കെ ഓർക്കുമ്പോൾ നടുക്കമാണ്. രണ്ടുവർഷത്തെ എഗ്രിമെന്റ് കഴിഞ്ഞ് ഒരു വർഷം കൂടി നിർത്തിയ ശേഷമാണ് നാട്ടിലയച്ചത്. പോയാൽ തിരിച്ച് വരില്ല എന്ന് അവനറിയാമായിരുന്നു. ടിക്കറ്റൊന്നും തന്നതുമില്ല.
നീണ്ട 16 വർഷങ്ങൾക്കു ശേഷം വീണ്ടുമൊരിക്കൽ കൂടി കടൽ കടന്നു. തൊഴിൽ പഴയത് തന്നെ. പഴയ അനുഭവങ്ങൾ വേണ്ടുവോളം ഉണ്ടെങ്കിലും അതിനുമപ്പുറമായിരുന്നു ജീവിത പ്രാരാബ്ദങ്ങൾ. രണ്ടുവർഷത്തിനകം കഫീൽ മരിച്ചു. നല്ലവനായ സ്പോൺസർ മരിക്കുന്നതിന് മുമ്പ് മക്കളോട് പറഞ്ഞ വസ്വിയത്ത് പ്രകാരം സ്പോൺസർഷിപ്പ് മാറാൻ അവസരം ലഭിച്ചു. അങ്ങിനെയാണ് ഇപ്പോൾ ജോലി ചെയ്യുന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ എത്തുന്നത്.
ആയിരത്തിലധികം കിലോമീറ്റർ ചുറ്റളവിൽ പ്രവിശാലമായി കിടക്കുന്ന വന്യജീവി സംരക്ഷണകേന്ദ്രം വിസ്തീർണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തേതാണെന്ന് പറയപ്പെടുന്നു. ഒട്ടകപ്പക്ഷികളും മാനും മുയലും നീളൻ കൊമ്പുകളുള്ള ഓറിക്സ് മൃഗവുമാണ് ഇവിടെ കാര്യമായി ഉള്ളത്. കൊടും വിഷമുള്ള തേളും പാമ്പും കുറവല്ല. കർശനമായ വിലക്കുണ്ടെങ്കിലും ഹണ്ടിങ്ങിനു വേണ്ടി സൗദിയുടെ കിഴക്കൻ മേഖലയിൽ നിന്നുപോലും ആളുകൾ വരാറുണ്ടത്രെ. പിടിക്കപ്പെട്ടാൽ വലിയ പിഴയും ജയിൽ ശിക്ഷയുമാണ്. പൊതുജനങ്ങൾക്ക് സന്ദർശനം അനുവദനീയമല്ല. രാജകുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ കേന്ദ്രം സൗദി അറേബ്യയുടെ പുതിയ ടൂറിസം പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്. അതോടെ പൊതുജനങ്ങൾക്ക് സന്ദർശിക്കാനാവും.
എട്ടുവർഷമായി ഈ സ്ഥാപനത്തിൽ എത്തിയിട്ട്. ഉദ്യോഗസ്ഥർക്ക് ഭക്ഷണമുണ്ടാക്കലും ഓഫീസ് വൃത്തിയാക്കലും ഒക്കെയാണ് ജോലി. ഇവിടെ കയറിയതിനു ശേഷമാണ്
നാട്ടിൽ ചെറുതെങ്കിലും ചെറിയ ഒരു വീട് വെക്കാൻ കഴിഞ്ഞത്. അതിൽ താമസമാക്കിയിട്ട് ഒരു വർഷമായി. അവിടെ ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ട്.
ആടുജീവിതത്തിലെ ഉള്ളു നുറുങ്ങുന്ന ഓർമ്മകൾ അയവിറക്കി ആരോടും പരിഭവമില്ലാതെ ചെയ്യുന്ന ജോലിയിൽ സംതൃപ്തി കണ്ടെത്തുകയാണ് കോയ കരിങ്കപ്പാറ.
ഏതു സങ്കടത്തിൽ നിന്നും കരകയറാനുള്ള ഏറ്റവും നല്ല വഴി നമ്മളെക്കാൾ സങ്കടം ഉള്ളവരുടെ കഥകൾ കേൾക്കുക എന്നതാണല്ലൊ.
കോയാക്ക പറഞ്ഞു നിർത്തി.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa