തലയുയർത്തി നിൽക്കുന്ന നിരവധി മസ്ജിദുകൾ; മദ്രസകൾ; പള്ളി നിറഞ്ഞ് കവിഞ്ഞ് വിശ്വാസികൾ; തിരക്ക് നിയന്ത്രിക്കാൻ വളണ്ടിയർമാർ: നേപാളിലെ വ്യത്യസ്താനുഭവങ്ങൾ പങ്ക് വെച്ച സൗദി പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
നേപാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വെള്ളിയാഴ്ച ജു മുഅക്ക് പോയ അനുഭവങ്ങളും മറ്റും വിവരിക്കുന്ന സൗദി പ്രവാസി ഫൈസൽ മാലികിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. കുറിപ്പ് ഇങ്ങനെ വായിക്കാം:
“നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ജില്ലയിൽ പത്തിലധികം ജുമാമസ്ജിദുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ജുമുഅ ഇല്ലാത്ത വേറെയും പള്ളികളുണ്ട്. മുസ്വല്ല എന്നാണിതിന് പറയുന്നത്. കാശ്മീർ ജുമാമസ്ജിദ്, നേപ്പാളി ജുമാമസ്ജിദ്, അബൂബക്കർ സിദ്ദീഖ് മസ്ജിദ് എന്നിവടങ്ങളിലാണ് മലയാളികൾ അധികവും ജുമുഅക്ക് പങ്കെടുക്കുന്നത്.
കാശ്മീർ മസ്ജിദും നേപ്പാളി മസ്ജിദും നാല് നിലകളിലാണ് തല ഉയർത്തി നിൽക്കുന്നത്. അഭൂതപൂർവ്വമായ ജനാവലിയായിരുന്നു കഴിഞ്ഞ ജുമുഅക്ക് ഇരുപള്ളികളിലുമായി എത്തിയത്. നേപ്പാളി ജുമാമസ്ജിദ് വളണ്ടിയർ എന്ന പ്രത്യേക ജഴ്സി അണിഞ്ഞ വളണ്ടിയേഴ്സാണ് അവിടെ വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനുണ്ടായിരുന്നത്. വിസ്മയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. പള്ളികളിൽ ഉൾകൊള്ളാതെ വിശാലമായ പള്ളി മുറ്റവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. സെൻട്രലൈസ്ഡ് എ.സി കൂടിയാണ് നേപ്പാളിമസ്ജിദ്.
കാഠ്മണ്ഡുവിൽ നിന്ന് 225 കിലോമീറ്റർ ദൂരെയുള്ള ധനുസ ജില്ലയിലെ ജനക്പൂർ ധാം സ്വദേശിയാണ് നേപ്പാളി മസ്ജിദിലെ ഇമാം. ഉത്തർപ്രദേശിലെ പ്രശസ്ത മത കലാലയമായ ദാറുൽ ഉലും ദയുബന്തിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്.
പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടെങ്കിലും പള്ളിക്ക് പുറത്തേക്ക് കേൾക്കാത്ത തരത്തിലാണ് ശബ്ദം ക്രമീകരിച്ചിട്ടുള്ളത്.
നൂറ് കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ നഗരി കൂടിയാണ് കാഠ്മണ്ഡു. അവിടെ നിന്നുള്ള കീർത്തനങ്ങളൊ ഭക്തിഗാനങ്ങളൊ ഒന്നും പുറത്തേക്ക് കേൾക്കില്ല. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി കർശനമായി നിരോധിച്ചിട്ടുണ്ട്. കാഠ്മണ്ഡു ശബ്ദമലിനീകരണത്തിൽ നിന്നുള്ള സുരക്ഷിത മേഖലയാണത്രെ. അതുകൊണ്ടാണ് പുറത്തേക്ക് കേൾക്കുന്ന തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കാത്തത്.
ഹനഫീ മദ്ഹബാണ് പള്ളികളിൽ പിന്തുടരുന്നത്. അര മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഉറുദുവിലുള്ള ഉൽബോധനത്തിന് ശേഷം ഒന്നാം ബാങ്ക്. അത് കഴിഞ്ഞ് സുന്നത്ത് നിസ്കാരവും രണ്ടാം ബാങ്കും പതിവ് പോലെ. അറബിയിലാണ് ഖുത്ബ. പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഖുത്ബയും അവസാനിക്കും.
ഖുതുബ തുടങ്ങിയതോടെ ഒരു ഷാളിന്റെ രണ്ടറ്റം പിടിച്ച് രണ്ടുപേർ ആളുകൾ ഇരിക്കുന്നതിനു മുന്നിലൂടെ വരുന്നു. ആളുകൾ തുണിയിലേക്ക് നോട്ടുകൾ ഇടുന്നു. നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കമ്മിറ്റി ഓഫീസിൽ വച്ച് ഈ നോട്ടുകൾ എണ്ണുന്നതും കണ്ടു. നല്ലൊരു വരുമാന മാർഗ്ഗം.
നേപ്പാളിൽ ആദ്യമായി ഇസ്‌ലാമിക പ്രബോധനത്തിന് എത്തിയവരെന്ന് കരുതപ്പെടുന്ന ദാതാ ഖോജാ ഗിയാസുദ്ധീൻ(റ) ദാതാ ഖോജാ മിസ്കീൻ ഷാഹ്(റ) എന്നിവർക്ക് പുറമെ സയ്യിദ് ഷാഹ് ഹുസൈൻ ഷാഹ് നഖ്ശബന്ദി(റ) സയ്യിദ് അബ്ദുൽ ഖുദ്ദൂസ് ഇൻദ്രാബി(റ) അൽഹാജ് ഖോജാ അഹ്സൻ ബാബ(റ) തുടങ്ങിയ മഹാൻമാരുടെ മഖ്ബറകൾ കാശ്മീർ മസ്ജിദ് അങ്കണത്തിൽ കാണാം. രണ്ട് പള്ളികളോടും അനുബന്ധിച്ച് നൂറ് കണക്കിന് കുട്ടികൾ പഠിക്കുന്ന മദ്രസകളും പ്രവർത്തിക്കുന്നുണ്ട്. ദിവസേന നടക്കുന്ന വിപുലമായ ഇഫ്താറിൽ 200ലധികം ആളുകൾ എത്തുമത്രെ.
നേപ്പാൾ എന്ന് കേൾക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ ധാരണകളേയും അസ്ഥാനത്താക്കുന്ന വിധമാണ് അവിടെ നിന്നുള്ള അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
✍️ഫൈസൽ മാലിക് എ.ആർ നഗർ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa