മോടിയിലും മാറാപ്പു പേറുന്ന പ്രവാസികൾ
✍️ പി എം മായിൻ കുട്ടി ; മലയാളം ന്യൂസ് – സൗദി അറേബ്യ
പ്രവാസികളുടെ പ്രതിസന്ധികള്‍ അഴിയുംതോറും മുറുകുകയാണ്. അതോടൊപ്പം അവഗണന കൂടിയാവുമ്പോള്‍ അതു പ്രഹരമായി മാറുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുനേരെ കൈ നീട്ടുന്നതില്‍ എന്നും വൈമുഖ്യം കാണിച്ചിരുന്നവരാണ് പ്രവാസികള്‍. അതിനു പിന്നാലെ നടന്ന് സമയം കളയുന്നതിലും ഭേദം അധ്വാനം വര്‍ധിപ്പിച്ചായിരുന്നു പലരും അവരവരുടെ പ്രാരബ്ധങ്ങള്‍ക്ക് പോംവഴി കണ്ടെത്തിയിരുന്നത്.
പക്ഷേ, ഇന്നു സ്ഥിതി അതല്ല. അധ്വാനിക്കാന്‍ തയാറായാലും അതിനുള്ള വഴികള്‍ ഓരോന്നായി അടയുകയാണ്. കോവിഡ് മഹാമാരിയില്‍ തകര്‍ന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങളോരോന്നും സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും നിയന്ത്രണങ്ങളും നിയമങ്ങളും കടുപ്പിക്കുകയും ചെയ്‌തോടെ പുറം മോടിയില്‍ കുറവില്ലെങ്കിലും പ്രവാസികളില്‍ പലരുടേയും അകം പൊള്ളയായി. സാമ്പത്തിക ഞെരുക്കത്താല്‍ പലരും നട്ടം തിരിയുകയാണ്. അതുകൊണ്ടു തന്നെ ഇന്നു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായുള്ള മുറവിളിയും ആനുകൂല്യങ്ങള്‍ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ പലതും ഭരണകര്‍ത്താക്കളുടെ ബധിരകര്‍ണങ്ങളില്‍ തട്ടിതകരുകയാണ്.
ജൂലൈ ആറുവരെ കേരളത്തില്‍ മാത്രം കോവിഡ് തട്ടിയെടുത്ത ജീവനുകളുടെ എണ്ണം 13,960 ആണ്. ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്. യാഥാര്‍ഥ കണക്ക് ഇതല്ലെന്ന തര്‍ക്കം മുറുകുകയാണ്. ഇതേത്തുടര്‍ന്ന് കണക്കുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ ഇത് വീണ്ടും ഉയരുമെന്ന് ഉറപ്പാണ്. പക്ഷേ പുനഃപരിശോധനയിലും വിദേശത്തുവെച്ച് മരണമടഞ്ഞ പ്രവാസികള്‍ ഉള്‍പ്പെടുന്നില്ല. അതുകൊണ്ടു തന്നെ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നഷ്ടപരിഹാരത്തിന് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ അവരുള്‍പ്പെടുന്നുമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം കോവിഡ് ബാധിച്ച് ആയിരത്തോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കൃത്യമായ കണക്ക് സര്‍ക്കാരിന്റെയോ, നയതന്ത്രാലയങ്ങളുടേയോ കൈവശമില്ലെന്നതാണ് വാസ്തവം.
മറ്റാരേക്കാളും നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ പ്രവാസികളാണ്. സ്വന്തം നാടും വീടും കുടുംബക്കാരെയും വിട്ട് അന്യദേശങ്ങളില്‍ തൊഴില്‍ തേടി പോയി അവിടെവെച്ച് കോവിഡ് രോഗിയായി മരണമടഞ്ഞവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരണങ്ങള്‍ക്കുമപ്പുറമാണ്. രോഗിയായി കോവിഡ് ഐസലേഷന്‍ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും കിടന്ന് ആരോരും തിരിഞ്ഞു നോക്കാനില്ലാതെ മനമുരുകി ഹൃദയംപൊട്ടി മരിച്ചവര്‍ നിരവധിയാണ്. ആശുപത്രികളില്‍ എത്തിപ്പെട്ടവര്‍ക്കെല്ലാം മതിയായ പരിചരണം ലഭിച്ചിട്ടുണ്ടാകാമെങ്കിലും അവരോരുത്തരും അനുഭവിച്ച മാനസിക വ്യഥകള്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നാട്ടിലുള്ള ഉറ്റവരെ മാത്രമല്ല, തൊഴിലിടങ്ങളിലും താമസ സ്ഥലത്തും കൂടെ കഴിഞ്ഞിരുന്ന സുഹൃത്തുക്കളെ പോലും അവസാനമായി ഒരു നോക്കു പോലും കാണാന്‍ കഴിയാതെയാണ് അവര്‍ യാത്രയായത്.
അങ്ങനെ ഈ ലോകത്തുനിന്ന് വിടപറഞ്ഞവര്‍ക്ക് അവര്‍ തൊഴില്‍ ചെയ്തിടങ്ങളിലെ മണ്ണില്‍ അലിഞ്ഞു ചേരാനായിരുന്നു വിധി. തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കനുസൃതമായി പ്രിയപ്പെട്ടവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കണ്ണീര്‍ വാര്‍ക്കാനായിരുന്നു നാട്ടിലുള്ള കുടുംബാംഗങ്ങളുടേയും വിധി. അതുകൊണ്ടുതന്നെ, അങ്ങനെ യാത്രയായവരുടെ ആശ്രിതര്‍ എന്തുകൊണ്ടും സഹായങ്ങള്‍ക്ക് അര്‍ഹരാണ്. അതിനാല്‍ അവരെ കൂടി നഷ്ടപരിഹാരം നല്‍കുമ്പോള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ല. കാരണം മറ്റാരേക്കാളും എന്തുകൊണ്ടും സഹായത്തിന് അര്‍ഹരാണ് അവരുടെ കുടുംബാംഗങ്ങള്‍. ഇതു പരിഗണിക്കപ്പെടാന്‍ പ്രവാസി സംഘടനകള്‍ ഒന്നടങ്കം മുറവിളികൂട്ടിക്കൊണ്ടിരിക്കുകയാണ്. അവരുടെ ശബ്ദത്തിന് തീര്‍ച്ചയായും ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടാവുമെന്നു തന്നെ പ്രതീക്ഷിക്കാം.
വീടിന്റെ വലിപ്പവും സഞ്ചരിക്കുന്ന വാഹനത്തിന്റെ ചക്രങ്ങളുടെ എണ്ണവും ആനുകൂല്യം നല്‍കാന്‍ മാനദണ്ഡമാക്കുന്നത് ഇന്നത്തെ കാലത്ത് എന്തുകൊണ്ടും നീതിപൂര്‍വകമല്ല. നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്കു പോലും ഇവയുണ്ട്. അപ്പോള്‍ പ്രവാസിയായിരുന്നവരുടെ കാര്യം പറയണോ?. രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍നിന്നവരാണെങ്കിലും കടം വാങ്ങിയോ, ലോണ്‍ എടുത്തോ ഒരു വീടുണ്ടാക്കാന്‍ മെനക്കെടാത്തവര്‍ ചുരുക്കമാണ്. അതിന് ആയിരം സ്‌ക്വയര്‍ഫീറ്റ് വലിപ്പമുണ്ടാവുകയും സ്വാഭാവികമാണ്. പിന്നെ ഒത്തു കിട്ടിയാല്‍ ഒരു നാലു ചക്ര വാഹനവും അവര്‍ സമ്പാദിച്ചിരിക്കും.
ഗള്‍ഫിലെ വരുമാനം എക്കാലവും നിലനില്‍ക്കുമെന്ന കാഴ്ചപ്പാടിലാവും പലരും ഇതൊക്കെ ചെയ്യുക. അപ്രതീക്ഷിതമായി വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടമാവുമ്പോള്‍ വലിപ്പത്തിലുള്ള വീടും വാഹനവുമെല്ലാം ബാധ്യതയായി മാറും. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിട്ടുള്ള അധിക പ്രവാസികളുടേയും അവസ്ഥ ഇതാണ്.
ആയിരത്തിനു മേല്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടിനും നാലുചക്ര വാഹനത്തിനും ഉടമകളായുളളവര്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ചുവപ്പ്, നീലനിറത്തിലുള്ള കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ തിരിച്ചേല്‍പിക്കണമെന്നും അല്ലാത്തപക്ഷം 2016മുതല്‍ അവര്‍ വാങ്ങിയിട്ടുള്ള റേഷന്‍ സാധനങ്ങളുടെ വില ഈടാക്കി കേസ് എടുക്കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഈ ഉത്തരവിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ മാത്രം നിശ്ചിത സമയത്തിനകം 17,622 അപേക്ഷകള്‍ കാര്‍ഡു മാറ്റാന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ നല്ല ശതമാനവും ജോലിയൊന്നുമില്ലാതെ നാട്ടില്‍ കഴിയുന്ന മുന്‍ പ്രവാസികളാണ്. ആനുകൂല്യങ്ങളുടെ മാനദണ്ഡത്തിന് വീടിന്റെ വലിപ്പം അളന്നും വീട്ടുമ്മറത്തു കിടക്കുന്ന ഓടാത്ത കാറും നോക്കി വിലയിരുത്തുന്നത് നീതീകരിക്കാനാവുന്നതല്ല. പ്രത്യേകിച്ച് പ്രവാസികളുടെ കാര്യത്തില്‍. അവരുടെ നിലവിലെ വരുമാന സ്രോതസ് വിലയിരുത്തിവേണം ഇത്തരം ആനുകൂല്യങ്ങളുടെ പട്ടിക നിശ്ചയിക്കാന്‍.
ഒരാവേശത്തില്‍ കെട്ടിപ്പടുത്ത വലിയ വീടുകള്‍ വന്‍ ബാധ്യതയായി മാറിയിട്ടുള്ള പ്രവാസികള്‍ നിരവധിയാണ്.
ഇതിനൊക്കെ പുറമെയാണ് അവധിക്കു നാട്ടിലെത്തിയവര്‍ക്കു മടങ്ങിപ്പോരാന്‍ കഴിയാതെയുള്ള പ്രയാസം. മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ അധിക ദിവസം കഴിഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. നോര്‍ക്കയുടെ കണക്കു പ്രകാരം കോവിഡ് പ്രതിസന്ധി ഉടലെടുത്ത കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ 18 വരെ 14,63,176 പ്രവാസികള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇതില്‍ 10.45 ലക്ഷം പേര്‍ ജോലി നഷ്ടപ്പെട്ടാണ് എത്തിയിട്ടുള്ളതെന്നും പറയുന്നു. അവശേഷിക്കുന്നവരില്‍ പലര്‍ക്കും മടങ്ങിപ്പോരാന്‍ കഴിയാതെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
ഏറ്റവും കൂടുതല്‍ മലയാളികളുള്ള സൗദിയിലേക്ക് എത്തിപ്പെടുന്നതാണ് ഏറെ ശ്രമകരം. ലോകത്തിന്റെ വിവിധ കോണിലൂടെയെല്ലാം രണ്ടാഴ്ചയിലേറെ ചെലവഴിച്ച് മാനദണ്ഡങ്ങള്‍ പാലിച്ച് ഭീമമായ സംഖ്യ ചെലവഴിച്ച് വന്നുകൊണ്ടിരുന്ന മാര്‍ഗങ്ങളും ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. മടക്കത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നാട്ടിലുള്ളവര്‍ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപലോഡ് ചെയ്യേണ്ടതുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ അതിനും പലര്‍ക്കും കഴിയുന്നില്ല. എത്ര പണം ചെലവാക്കിയായാലും വരാന്‍ വഴികളുമില്ല. മാസം ഒന്നും രണ്ടുമല്ല, ഒന്നര വര്‍ഷമായി ഈ പ്രതിസന്ധി തുടരുന്നു. പക്ഷേ ഇന്നുവരേക്കും ഇതിനൊരു പരിഹാരം കാണാനോ, ആശ്വാസം പകരാനോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികളൊന്നും ഉണ്ടായിട്ടുമില്ല.
നിലവില്‍ വിദേശത്തു കഴിയുന്നവര്‍ ഈ ആശങ്കകളാല്‍ അവധിക്കു നാട്ടില്‍ വരാന്‍ കഴിയാതെയും വിഷമിക്കുകയാണ്. ഇങ്ങനെ പ്രവാസികള്‍ എല്ലാംകൊണ്ടും പൊല്ലാപ്പിലാണ്. ഇന്ത്യയുടെ വിദേശ നാണയത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന, സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കാതലായ ഭാഗം വഹിക്കുന്ന പ്രവാസികളെ കൈയയച്ചു സഹായിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ ഉത്തരവാദിത്തമാണ്. കാലത്തിന്റെ നീതിയാണ്. അതുണ്ടാകുമെന്നു തന്നെവേണം പ്രത്യാശിക്കാന്‍.
പി.എം. മായിന്‍കുട്ടി.മലയാളം ന്യൂസ് – ജിദ്ദ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa