ഇഖാമയും റി എൻട്രിയും പുതുക്കുന്നത് പ്രതീക്ഷിച്ച് നാട്ടിലുള്ളത് നൂറു കണക്കിന് പ്രവാസികൾ; കൊറോണ മൂലം മടക്ക യാത്ര തീർത്തും അസാധ്യമായവർക്ക് പുതിയ വിസയിൽ പോകാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമാകുന്നു
സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം നാട്ടിലുള്ള പ്രവാസികളുടെ ഇഖാമയും റി എൻട്രിയും ജനുവരി 31 വരെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്ന ജവാസാത്ത് പ്രഖ്യാപനത്തെത്തുടർന്ന് പ്രസ്തുത ഓഫർ പ്രതീക്ഷിക്കുന്ന നിരവധി പ്രവാസികളാണു നാട്ടിലുള്ളത്.
ഇതിൽ ഭൂരിപക്ഷം പേരുടെയും ഇഖാമയുടെയും റി എൻട്രിയുടെയുമെല്ലാം കാലാവധികൾ ഇക്കഴിഞ്ഞ നവംബർ 30 നു അവസാനിച്ചതായിരുന്നു.
ജവാസാത്ത് പ്രഖ്യാപനത്തെത്തുടർന്ന് വളരെ കുറച്ച് പേർക്ക് മാത്രമേ ഇഖാമയും റി എൻട്രിയും ജനുവരി 31 വരെ പുതുക്കി ലഭിച്ചിട്ടുള്ളൂ എന്നാണു അറേബ്യൻ മലയാളിയുടെ അന്വേഷണത്തിൽ മനസ്സിലായത്.
ഏതായാലും വൈകാതെത്തന്നെ ഇഖാമയും റി എൻട്രിയും ജനുവരി 31 വരെ പുതുക്കുമെന്ന പ്രതീക്ഷയിലാണു ഇനിയും പുതുക്കി ലഭിക്കാത്ത ഭൂരിപക്ഷം പേരും.
കഫീലിനു സൗദിയിൽ നിന്ന് ഇഖാമയും റി എൻട്രിയും പുതുക്കി നൽകാൻ ഇപ്പോഴും അവസരമുണ്ട്. അതേ സമയം കഫീൽ റെഡിലാകുകയും സൗദിയിൽ നിന്ന് പുതുക്കാൻ സഹകരിക്കാതിരിക്കുന്നത് മൂലവും അത്തരത്തിൽ പണം നൽകി പുതുക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള നിരവധി പേരും ഓട്ടോമാറ്റിക്കായി പുതുക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നുണ്ട്.
ഇതിനിടെ 2020 അവസാനം കൊറോണ മൂലം നാട്ടിൽ നിന്ന് മടങ്ങാൻ കഴിയാതിരിക്കുകയും ഇഖാമ, റി എൻട്രി കാലാവധികൾ അവസാനിക്കുകയും ചെയ്ത നിരവധി പ്രവാസികൾ മടക്ക യാത്ര തീർത്തും അസാധ്യമായ നിലയിൽ ഇപ്പോൾ നാട്ടിലുണ്ട്.
ഇവർക്ക് മറ്റൊരു വിസയിൽ മറ്റൊരു കഫീലിനടുത്തേക്ക് പോകണമെങ്കിൽ 3 വർഷം കഴിയണമെന്ന നിബന്ധന വലിയ പ്രതിബന്ധമായി മാറിയിരിക്കുകയാണിപ്പോൾ.
ചുരുങ്ങിയ പക്ഷം ഈ മൂന്ന് വർഷത്തെ വിലക്കെങ്കിലും ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഒഴിവാക്കിക്കൊടുക്കാൻ സൗദി അധികൃതരിൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യൻ എംബസിയും മറ്റും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ഈ വിഷയം ഇന്ത്യൻ എംബസിയെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും ബോധ്യപ്പെടുത്താൻ മലയാളി പ്രവാസി സംഘടനകളും നാട്ടിലെ രാഷ്ട്രീയ സംഘടനകളും ആവശ്യമായ നീക്കങ്ങൾ നടത്തേണ്ടതുണ്ട് എന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa