Wednesday, November 27, 2024
Saudi ArabiaTop Stories

അനുമതിയില്ലാതെ ഹജ്ജ് നിർവ്വഹിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ പരിഷ്‌കരിച്ചു; വിശദമായി അറിയാം

മക്ക: അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്കുള്ള പരിഷ്‌ക്കരിച്ച ശിക്ഷാ നടപടികൾ അടങ്ങിയ കരട് നിയമാവലി സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

ഹജ്ജ് നിയമങ്ങാൾ ലംഘിക്കുന്നത് മൂലമുള്ള തിരക്കുകൾ ഒഴിവാക്കാനും സുരക്ഷ പരിഗണിച്ചും സംഘാടനം കാര്യക്ഷമമാക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് കരുതുന്നു. നിയമാവലി താഴെ കൊടുക്കുന്നു.

ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്ന സൗദി പൗരന്മാർക്കും ജിസിസി പൗരന്മാർക്കുമുള്ള ശിക്ഷാ നടപടികൾ:

മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ പ്രവേശിച്ചാൽ 15,000 റിയാൽ പിഴ. ആ വർഷം നിയമ ലംഘകൻ ഹജ്ജ് നിർവ്വഹിച്ചതായി സിസ്റ്റത്തിൽ രേഖപ്പെടുത്തും. തെറ്റ് ആവർത്തിച്ചാൽ നേരത്തെയുള്ള പിഴകൾ ഇരട്ടിയാക്കും.

മക്ക നഗരത്തിലും അതിനോടനുബന്ധിച്ച് ഉൾഭാഗങ്ങളിലും മറ്റു വിശുദ്ധ സ്ഥലങ്ങളിലും റുസൈഫ ട്രെയിൻ സേറ്റഷനിലും അനുമതിയില്ലാതെ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ.

മുകളിലെ രണ്ട് തരം ശിക്ഷാനടപടികളും എല്ലാ വർഷവും ദുൽ ഖഅദ് 28 മുതൽ അനുമതിയില്ലാതെ പുണ്യ ഭൂമികളിലെത്തുന്ന സൗദി, ജിസിസി പൗരന്മാർക്കായിരിക്കും ബാധകമാകുക. മൂന്നാം തവണയാണു പിടിക്കുന്നതെങ്കിൽ ഇരട്ടി പിഴക്ക് പുറമെ 6 മാസം വരെ തടവ് ശിക്ഷയും ലഭിക്കും.

അനുമതിയില്ലാത്തവരെ ഹജ്ജിനു കൊണ്ട് വരുന്നവർക്ക് 50,000 റിയാൽ വരെ ഓരോരുത്തർക്കുമെന്ന കണക്കിൽ പിഴ ചുമത്തും. 6 മാസം വരെ തടവും പരസ്യമായി പേരു സഹിതം ശിക്ഷ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്ന സൗദികളും ജിസിസി പൗരന്മാരും അല്ലാത്ത മറ്റു രാജ്യക്കാർക്കുള്ള ശിക്ഷാ നടപടികൾ:

പിടിക്കപ്പെടുന്നവരെ സൗദിയിൽ നിന്ന് നാടു കടത്തും. ആഭ്യന്തര മന്ത്രിയുടെ തീരുമാനമനുസരിച്ചുള്ള നിശ്ചിത കാലം സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും.

സൗദികളും ജിസിസി പൗരന്മാരും അല്ലാത്ത മറ്റു രാജ്യക്കാർക്ക് എല്ലാ വർഷവും ശവ്വാൽ 25 മുതൽ വിശുദ്ധ ഭൂമികളിലേക്കുള്ള പ്രവേശനം നിയന്ത്രണ വിധേയമാക്കും. വിശുദ്ധ ഭൂമികളിൽ വാണിജ്യ, തൊഴിൽ ആവശ്യങ്ങൾ ഉള്ളവർക്ക് ജവാസാത്തിൻ്റെ അനുമതി പത്രത്തോടെ ശവാൽ 25 മുതൽ പ്രവേശിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്