Thursday, November 28, 2024
Top StoriesWorld

മൽസ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം;15 മൃതദേഹങ്ങളാണ് മൂന്ന് ദിവസത്തിനുള്ളിൽ മെഡിറ്ററേനിയൻ കടലിൽ നിന്നും ഇയാൾക്ക് ലഭിച്ചത്.

മൂന്ന് ദിവസങ്ങളിലായി മെഡിറ്ററേനിയൻ കടലിൽ നിന്നും പിഞ്ചു കുഞ്ഞിന്റേതടക്കം 15 മൃതദേഹങ്ങളാണ് ടുണീഷ്യൻ മത്സ്യത്തൊഴിലാളിയായ ഉസാമ ദബ്ബേബിയുടെ വലയിൽ കുടുങ്ങിയത്.

“വലയെറിഞ്ഞാൽ മത്സ്യം കിട്ടുന്നതിനുപകരം ചിലപ്പോൾ ശവശരീരങ്ങൾ കിട്ടും. ആദ്യമൊക്കെ പേടിയായിരുന്നു പിന്നീട് അത് ശീലമായി. ഇപ്പോൾ വലയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുന്നത് മീൻ കിട്ടുന്നതുപോലെയായി മാറി.” 30 കാരനായ ഉസാമ പറഞ്ഞു.

“കഴിഞ്ഞ ദിവസം എന്റെ വലയിൽ കുടുങ്ങിയത് ഒരു കുഞ്ഞിന്റെ മൃതദേഹമായിരുന്നു. മൃതദേഹം ഒരു കുഞ്ഞിന്റേതാണെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. എന്ത് തെറ്റ് ചെയ്തിട്ടാണ് ആ കുഞ്ഞിന് ഈ വിധി വന്നത് ?”

ദാരിദ്ര്യത്തിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപെട്ട് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന പലരുടെയും ജീവിതം മെഡിറ്ററേനിയൻ കടലിലെ ഉയർന്നു പൊങ്ങുന്ന തിരമാലകൾക്കു മുന്നിൽ അവസാനിക്കുകയാണ് ചെയ്യുന്നത്.

യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ പലായനം നിയന്ത്രിക്കാൻ പാടുപെടുമ്പോളും, യൂറോപ്പിലെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുകയും അതിനനുസരിച്ച് തുണീഷ്യൻ തീരത്തടിയുന്ന മൃതദേഹങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ് ചെയ്യുന്നത്.

10 വയസ്സുള്ളപ്പോൾ മുതൽ ടുണീഷ്യയിലെ രണ്ടാമത്തെ നഗരമായ സ്ഫാക്‌സിന് സമീപം ഉസാമ ദബ്ബേബി മീൻ പിടിക്കാൻ പോകുന്നു. കൂടെയുണ്ടായിരുന്ന പലരും തങ്ങളുടെ ബോട്ടുകൾ ആളുകളെ കടത്തുന്ന കള്ളക്കടത്തുകാർക്ക് വലിയ തുകയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.

“എന്റെ ബോട്ട് വിൽക്കാൻ പലതവണ കള്ളക്കടത്തുകാര് എനിക്ക് വലിയ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ വിൽക്കാൻ തയ്യാറായില്ല. കാരണം അവർ എന്റെ ബോട്ട് ഉപയോഗിക്കുകയും ആരെങ്കിലും മുങ്ങിമരിക്കുകയും ചെയ്താൽ, അതൊരിക്കലും എനിക്ക് സഹിക്കാൻ കഴിയുന്നതല്ല.” സാമ പറഞ്ഞു.

യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഏകദേശം 24,000 പേർ ടുണീഷ്യൻ തീരം വിട്ട് താൽക്കാലിക ബോട്ടുകളിൽ ഇറ്റലിയിലെത്തിയിട്ടുണ്ട്.

യൂറോപ്പിൽ എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ഏറ്റവും വലിയ യാത്രാ കേന്ദ്രമായി ടുണീഷ്യ മാറിയിരിക്കുന്നു. മുമ്പ് ലിബിയയായിരുന്നു ഈ സ്ഥാനത്ത്. എന്നാൽ കുടിയേറ്റക്കാർക്കെതിരായ അക്രമങ്ങളും ക്രിമിനൽ സംഘങ്ങളുടെ കൊള്ളയും കാരണം പലരും പകരം ടുണീഷ്യ തിരഞ്ഞെടുക്കാൻ കാരണമായി.

കഴിഞ്ഞയാഴ്ച്ച ഗ്രീക്ക് തീരത്ത് 78 പേരെങ്കിലും മരിക്കുകയും 500 പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ ഉൾപെട്ട ബോട്ട് പോയത് ലിബിയയിൽ നിന്നായിരുന്നു.

ഈ വർഷം ആദ്യം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 200 ലധികം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ഇവിടെ കടലിൽ നിന്ന് കണ്ടെടുത്തു.
2014 മുതൽ മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിച്ച് 27,000-ത്തിലധികം പേർ മരിച്ചതായാണ് കണക്ക്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa