Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ പെരുന്നാളിന് ജോലി ചെയ്യേണ്ടി വന്നാൽ ഓവർ ടൈം വേതനം കണക്കാക്കുന്നത് എങ്ങനെ ? വിശദമായി അറിയാം

സൗദി തൊഴിൽ നിയമപ്രകാരം രണ്ട് പെരുന്നാളിനും സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസം  അവധി നൽകൽ ഒരു തൊഴിലുടമയുടെ ബാധ്യതയാണ്.

എന്നാൽ പെരുന്നാളിന് അവധി നൽകാൻ സാധിക്കാത്ത ചില മേഖലകളിലെ തൊഴിലാളികളെ അന്ന് ജോലി ചെയ്യിപ്പിക്കുകയാണെങ്കിൽ അവധിക്ക് പകരമായി അവർക്ക് ഓവർ ടൈം മണി നൽകൽ നിർബന്ധമാണ്. സാധാരണ ദിവസങ്ങളിൽ നിശ്ചിത ജോലി സമയം കഴിഞ്ഞ് ജോലി ചെയ്യുന്ന തൊഴിലാളിക്കും ഓവർ ടൈം മണി നൽകണം എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കുക.

പെരുന്നാൾ അവധി ദിനത്തിൽ  ഓവർ ടൈം മണി നൽകുന്നത് സംബന്ധിച്ച് വിവരണം ആവശ്യപ്പെട്ട് ‘അറേബ്യൻ മലയാളി’യുമായി നിരവധി പ്രവാസികൾ ബന്ധപ്പെട്ടിരുന്നു. സൗദി തൊഴിൽ നിയമ പ്രകാരം ഓവർ ടൈം മണി നൽകുന്നതിനു വ്യക്തമായ മാർഗ രേഖയുണ്ട്. ഓവർ ടൈം മണിക്കൂറിനനുസരിച്ചാണു ഓവർ ടൈം മണി കണക്കാക്കുന്നത്. വിശദമായി താഴെ വിവരിക്കുന്നു.

ഒരു തൊഴിലാളിയുടെ ഫുൾ സാലറിയെ 30 ദിവസം കൊണ്ട് ഹരിക്കുംബോൾ ലഭിക്കുന്ന തുകയെ ഒരു ദിവസത്തെ തൊഴിൽ സമയമായ 8 മണിക്കൂർ  കൊണ്ട് ഹരിച്ചതാണു അയാളുടെ ഒരു മണിക്കൂർ വേതനം. ഈ ഒരു മണിക്കൂർ വേതനവും അയാളുടെ ബേസിക് സാലറിയെ ഒരു മണിക്കൂർ അടിസ്ഥാനത്തിൽ കണക്കാക്കുംബോൾ ലഭിക്കുന്ന തുകയുടെ പകുതിയും ചേർത്താണ് ഒരു തൊഴിലാളിക്ക് ഓരോ മണിക്കൂറിനും ഓവർ ടൈം നൽകേണ്ടത്.

ഉദാഹരണമായി ഒരാളുടെ മാസ ഫുൾ ശമ്പളം 3000 റിയാൽ ആണെന്ന് കരൂതുക. അയാളുടെ പ്രതിദിന വരുമാനം 30 ദിവസം കൊണ്ട് ഹരിച്ചാൽ 100 റിയാൽ എന്ന് കിട്ടും. അയാളുടെ ഒരു മണിക്കൂർ വേതനം 100/8= 12.5 റിയാൽ ആണ്‌. ഇനി അയാളുടെ എഗ്രിമെന്റ് പ്രകാരമുള്ള ബേസിക് സാലറി 2400 റിയാൽ ആണെന്നും കരുതുക. അതിനെ 30 ദിവസം കൊണ്ട് ഹരിച്ചാൽ 80 റിയാൽ ആയിരിക്കും പ്രതിദിന വേതനം. അയാളുടെ ഒരു മണിക്കൂർ ബേസിക് വേതനം 80/8= 10 റിയാൽ ആയിരിക്കും.

ഇനി അയാളുടെ ഓവർ ടൈം മണി കാണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അയാൾ 8 മണിക്കൂർ ആണ് ഓവർ ടൈം ഡ്യൂട്ടി എടുത്തത് എന്ന് കരുതുക. ഫുൾടൈം സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 12.5 റിയാലും ബേസിക് സാലറിയുടെ ഒരു മണിക്കൂർ അടിസ്ഥാനത്തിലുള്ള തുകയായ 10 റിയാലിന്റെ പകുതി തുകയായ 5 റിയാലും ആണു ഒരു മണിക്കൂറിനു അയാൾക്ക് തൊഴിലുടമ നൽകേണ്ടത്. അപ്പോൾ 8 മണിക്കൂറിനു 8 × [12.5+(10×50%)] = 140 റിയാൽ അയാൾക്ക് തൊഴിലുടമ വേതനം നൽകണം എന്നർഥം.

രണ്ട് പെരുന്നാൾ അവധികൾ, സൗദി ദേശീയ ദിനം, സൗദി സ്ഥാപക ദിനം എന്നീ പൊതു അവധി ദിനങ്ങളിലും തൊഴിൽ കരാർ പ്രകാരം നിർദ്ദേശിക്കപ്പെട്ടത് അല്ലാതെയുള്ള സമയങ്ങളിലും ജോലി  ചെയ്യാൻ നിർബന്ധിതരാകുന്ന  തൊഴിലാളികൾക്ക് ഓവർടൈം മണിക്ക് അർഹതയുണ്ട്.

ഓവർടൈം മണി നൽകാതെ അവധി ദിനത്തിൽ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമക്ക്  ഓരോ തൊഴിലാളിക്കും 5000 റിയാൽ എന്ന തോതിൽ ആണ് പിഴ ചുമത്തുക..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്