സൗദിയിൽ വാഹനാപകടം; പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ രണ്ട് പ്രവാസികൾ മരിച്ചു
ഹുഫൂഫ്: ഖത്തറിൽ നിന്ന് ബഹ്രൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോകുകയായിരുന്ന രണ്ട് പ്രവാസികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു.
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത് പാടത്ത് മനോജ് കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം ആയിരുന്നു നാലു പേരും ചേർന്ന് ലാൻഡ്ക്രൂയിസർ കാറിൽ സൗദി വഴി ബഹ്രൈനിലേക്ക് പുറപ്പെട്ടത്.
സൗദി ഖത്തർ അതിർത്തി ചെക്ക് പോസ്റ്റ് കഴിഞ്ഞ് 80 ഓളം കിലോമീറ്റർ പിന്നിട്ടതിനുശേഷം, ഹുഫൂഫിലെത്തുന്നതിനു മുമ്പ്, നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.
മനോജ് അർജുൻ സംഭവസ്ഥലത്ത് വച്ചും അഗസ്റ്റിൻ എബി ഹുഫൂഫിലെ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ഹുഫൂഫ് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
