മലേഷ്യൻ പരമോന്നത പുരസ്കാരം കാന്തപുരത്തിന്
ക്വലാലംപൂർ: ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമർപ്പിച്ചു.
ക്വലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് രാജാവ് പുരസ്ക്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം.
രാജ്യത്തെ പ്രമുഖ പണ്ഡിതന്മാർ, വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പൗര സംഘടനാ പ്രതിനിധികളടക്കം തിങ്ങിനിറഞ്ഞ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഈ അവാർഡ് സമ്മാനിക്കുന്നത്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്കാരത്തിന് അർഹരായവരിൽ പ്രധാനികൾ.
സ്വദേശത്തും വിദേശത്തും ഇസ്ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി.
മേഷ്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് പ്രത്യേക ചാർട്ടേർഡ് ഫ്ലൈറ്റിൽ ആയിരുന്നു കഴിഞ്ഞ ദിവസം കാന്തപുരം പഞ്ചദിന സന്ദർശനത്തിനായി ക്വലാലംപൂരിൽ എത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa