Friday, November 22, 2024
Saudi ArabiaTop Stories

റിയാദിൽ സ്‌കൂൾ ബസ് ശരീരത്തിൽ കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

റിയാദിൽ സ്വകാര്യ സ്‌കൂൾ ബസ് ശരീരത്തിൽ കയറിയിറങ്ങി പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ബദർ ബിൻ മുഹമ്മദ് അൽ-ഹലഫി എന്ന 13 വയസ്സുകാരനായ വിദ്യാർത്ഥിയാണ് റിയാദിലെ അസീസിയയിൽ ബസിൽ നിന്ന് വീണ് ടയറിനടിയിൽ പെട്ട് മരിച്ചത്.

മിഡിൽ സ്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ബദർ, ഇന്നലെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

ബസിന്റെ ഡോറിൽ ചാരിനിൽക്കുകയായിരുന്ന ബദർ, ശെരിക്ക് അടഞ്ഞിട്ടില്ലാതിരുന്ന ഡോർ പെട്ടന്ന് തുറന്നതിനെ തുടർന്ന് പുറത്തേക്ക് വീഴുകയും ടയറിനടിയിൽ കുടുങ്ങുകയുമായിരുന്നു.

അപകടത്തിൻ്റെ പൂർണ ഉത്തരവാദിത്തം ബസിന്റെ ഡോർ ശെരിക്ക് അടക്കാതിരുന്ന യെമൻ പൗരനായ ഡ്രൈവർക്കാണെന്ന് ട്രാഫിക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

റിയാദിലെ പ്രിൻസ് ഫഹദ് ബിൻ മുഹമ്മദ് മസ്ജിദിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് കുട്ടിയുടെ മയ്യിത്ത് നമസ്‌കാരം നടത്തി, കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അൽ-മൻസൂറിയ മഖ്ബറയിൽ മയ്യിത്ത് മറവ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa