Sunday, November 17, 2024
Top StoriesU A E

ദുബൈയിൽ മലയാളി വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു

ദുബൈയിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കൂറ്റൻ തിരമാലയിൽ പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു.

ദുബൈ ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ, കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്.

കൂടെ ഉണ്ടായിരുന്ന സഹോദരി ഫാത്തിമയും തിരമാലയിൽ അകപ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്ന അറബ് വംശജൻ രക്ഷപ്പെടുത്തി.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ബീച്ചിലെത്തിയതായിരുന്നു കുട്ടികൾ, കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന തിരമാലയിൽ പെടുകയായിരുന്നു.

മാതാവിന്റെ മുൻപിൽ വെച്ചാണ് കുട്ടികൾ അപകടത്തി പെട്ടത്. കാണാതായ മഫാസിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടാണ് ദുബൈ പൊലീസ് കണ്ടെത്തിയത്.

കാസർകോട് ചെങ്കള സ്വദേശിയും ദുബൈയിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് മഫാസ്. രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർഥിനിയാണ്.

അപകടത്തിൽ പെട്ട ഉടനെ പോലീസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും, പിറ്റേ ദിവസമാണ് കണ്ടെത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa