Friday, January 31, 2025
Saudi ArabiaTop Stories

ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം നടത്തിയ സംഭവം; അപലപിച്ച് സൗദി അറേബ്യ

ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിൽ രണ്ടു പേരുടെ മരണത്തിനും നിരവധി ആളുകൾക്ക് പരിക്കേൽക്കാനും കാരണമായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.

ജർമ്മൻ ജനതയോടും ഇരകളുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം അക്രമത്തെ പൂർണ്ണമായി തള്ളിപ്പറയുന്നതായും സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവിച്ചു.

മരിച്ചവരുടെ കുടുംബങ്ങളോടും ജർമ്മനിയിലെ ഗവൺമെൻ്റിനോടും ജനങ്ങളോടും സഹതാപവും ആത്മാർത്ഥമായ അനുശോചനവും പ്രകടിപ്പിക്കുന്നുവെന്നും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇന്നലെ രാത്രിയാണ് മാഗ്ഡെബർഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് അക്രമി കറുത്ത ബി എം ഡബ്ലിയു കാർ ഇടിച്ചു കയറ്റിയത്.

ഏകദേശം 400 മീറ്ററോളം കാർ മാർക്കറ്റിനകത്തേക്ക് ആളുകളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ഓടിച്ചു പോയി എന്നാണ് റിപ്പോർട്ട്.

ഉടൻ തന്നെ പോലീസ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. 2016 മുതൽ ജർമനിയിൽ താമസിക്കുന്ന സൗദിയിൽ നിന്നുള്ള 50 കാരനായ ഡോക്ടറാണ് പ്രതി.

സംഭവം പ്രതി ഒറ്റക്ക് ചെയ്ത പ്രവൃത്തിയാണെന്നും, ഭീകരാക്രമണം സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa