Friday, March 6, 2026
Middle EastSaudi ArabiaTop Stories

7,600 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ, 90 ദശലക്ഷം ഡോളറിന്റെ ധനസഹായം; ഗാസയിലേക്ക് സൗദിയുടെ ദുരിതാശ്വാസ പ്രവാഹം

കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ നൽകുന്ന പുതിയ ബാച്ച് ദുരിതാശ്വാസ സഹായ സാമഗ്രികൾ റഫ അതിർത്തി കടന്ന് ഗാസ മുനമ്പിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെരെം ഷാലോം ക്രോസിംഗിലേക്ക് എത്തി.

സഹോദര തുല്യരായ പലസ്തീൻ ജനതയെ സഹായിക്കാനായുള്ള സൗദിയുടെ ജനകീയ കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഈ സമാഹാരം ഗാസയിലേക്ക് എത്തിക്കുന്നത്.

നിലവിലെ മാനുഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിനായി കെ.എസ്.റിലീഫ് തുടർച്ചയായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.

കെ.എസ്.റിലീഫ് ഇതിനോടകം തന്നെ വ്യോമ-നാവിക മാർഗ്ഗങ്ങളിലൂടെയുള്ള സഹായങ്ങൾ ഗാസയിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇതുവരെയായി 67 വിമാനങ്ങളിലും, 8 കപ്പലുകളിലുമായി സഹായം എത്തിച്ചു.

7,626 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, താമസത്തിനുള്ള വസ്തുക്കൾ എന്നിവ കൈമാറി. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് വേണ്ടി 20 ആംബുലൻസുകൾ നൽകി. ലോജിസ്റ്റിക് ഉപകരണങ്ങൾ, വൈദ്യുതി ജനറേറ്ററുകൾ, ജല ടാങ്കറുകൾ എന്നിവയും എത്തിച്ചു.

ഇതുമായി ബന്ധപ്പെട്ട്, കെ.എസ്.റിലീഫ് അന്താരാഷ്ട്ര സംഘടനകളുമായി നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗാസ മുനമ്പിൽ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 90.35 ദശലക്ഷം ഡോളറിന്റെ ധനസഹായമാണ് (ഏകദേശം 750 കോടിയിലധികം ഇന്ത്യൻ രൂപ) വിനിയോഗിക്കുക.

കൂടാതെ, അതിർത്തികൾ അടച്ചിടുന്നത് കാരണം സഹായമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സഹായം ഉറപ്പാക്കുന്നതിനായി ജോർദാനുമായി സഹകരിച്ച് വ്യോമമാർഗ്ഗമുള്ള സഹായ വിതരണം (Air Drops) കേന്ദ്രം വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa