സുരക്ഷാ മുന്നറിയിപ്പ്: സൗദിയിൽ അപകട സാധ്യതയുള്ള 4,657 വാഹനങ്ങൾ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം
സൗദിയിൽ അപകട സാധ്യത കണക്കിലെടുത്ത് 4657 വാഹനങ്ങൾ തിരിച്ചു വിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
2014 മുതൽ 2017 വരെ നിർമ്മിച്ച ഷെവർലെ ട്രാവേഴ്സ് (Chevrolet Traverse), ജി.എം.സി. അക്കാഡിയ (GMC Acadia) എന്നീ മോഡലുകളുടെ വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്.
ഡ്രൈവറുടെ ഭാഗത്തുള്ള എയർബാഗിന്റെ ഇൻഫ്ലേറ്ററിൽ തകരാറാണ് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.
ഈ തകരാർ കാരണം അപകടമുണ്ടാകുമ്പോൾ എയർബാഗ് പൊട്ടിത്തെറിക്കുകയും ലോഹശകലങ്ങൾ പുറത്തേക്ക് തെറിക്കുകയും ചെയ്യാം. ഇത് ഡ്രൈവർക്കോ യാത്രക്കാർക്കോ ഗുരുതരമായ പരിക്കുകളോ ജീവഹാനിയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ഈ ഗുരുതരമായ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത്, മന്ത്രാലയം ഈ വാഹനങ്ങളുടെ ഉടമകളോട് താമസം കൂടാതെ വാഹനം ഓടിക്കുന്നത് നിർത്താനും തകരാർ പരിഹരിക്കാനും ആവശ്യപ്പെട്ടു.
ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, ഉടമകൾ ഉടൻ തന്നെ ബന്ധപ്പെട്ട ഡീലർമാരുമായി ബന്ധപ്പെടുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തു തീർക്കുകയും വേണം.
വാഹന ഉടമകൾ തങ്ങളുടെ വാഹനം തിരിച്ചുവിളിക്കപ്പെട്ടവയുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് www.recalls.sa എന്ന വെബ്സൈറ്റ് വഴി ഉടൻ പരിശോധിക്കണം എന്നും മന്ത്രാലയം അറിയിച്ചു.
സൗദി വിപണിയിൽ സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
