ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
സൗദി അറേബ്യയിലെ യാംബുവില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരണപ്പെട്ടത്.
താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സൗദിയിലെ പ്രവാസിയായിരുന്ന അബ്ദുൽ ജബ്ബാർ, യാംബുവിലെ ‘ജെംസ്’ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.
അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് അദ്ദേഹം യാംബുവില്‍ തിരിച്ചെത്തിയത്. പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ ജബ്ബാർ.
ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് യാംബുവില്‍ തന്നെ ഖബറടക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
റിയാദിൽ നിന്ന് എത്തിയ സഹോദരീ പുത്രൻ ഇസ്‌മായീൽ, ജിദ്ദയിലെയും മറ്റുമുള്ള ബന്ധുക്കൾ, കമ്പനി അധികൃതർ, യാംബുവിലെ സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർ നിലവിൽ നടപടികൾ പൂർത്തിയാക്കുന്നതിനായി രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
