Friday, March 6, 2026
Saudi ArabiaTop Stories

ഷെയ്ഖ് സ്വാലിഹ് അൽ-ഫൗസാനെ സൗദിയുടെ പുതിയ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചു

പ്രമുഖ സൗദി ഇസ്ലാമിക പണ്ഡിതനായ ശൈഖ് സാലിഹ് അൽ-ഫൗസാനെ സൗദി അറേബ്യയുടെ പുതിയ ഗ്രാൻഡ് മുഫ്തിയായി തിരുഗേഹങ്ങളുടെ സേവകനായ സൽമാൻ രാജാവ് നിയമിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ്റെ ശുപാർശ അംഗീകരിച്ചാണ്, മന്ത്രി പദവിയിലായിരിക്കും അദ്ദേഹം ഈ സ്ഥാനം വഹിക്കുക.

സൽമാൻ രാജാവ് പുറത്തിറക്കിയ രാജകീയ ഉത്തരവ് പ്രകാരം, ശൈഖ് അൽ-ഫൗസാൻ ഇനിമുതൽ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സിൻ്റെ ചെയർമാൻ സ്ഥാനവും, സ്ഥിരം പണ്ഡിത ഗവേഷണ സമിതിയുടെയും തലവനുമായിരിക്കും.

കഴിഞ്ഞ സെപ്റ്റംബർ 23-ന് അന്തരിച്ച മുൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് അൽ-ശൈഖിൻ്റെ പിൻഗാമിയായാണ് ശൈഖ് അൽ-ഫൗസാൻ എത്തുന്നത്.

നിയമനം ലഭിക്കുന്നതിന് മുമ്പ്, ശൈഖ് അൽ-ഫൗസാൻ കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സിലും സ്ഥിരം പണ്ഡിത ഗവേഷണ സമിതിയിലും അംഗമായി പ്രവർത്തിക്കുകയായിരുന്നു.

കൂടാതെ, മുസ്ലിം വേൾഡ് ലീഗിന് കീഴിലുള്ള ഇസ്ലാമിക് ഫിഖ്ഹ് കൗൺസിലിലെ അംഗവും ഹജ്ജ് സമയത്തെ പ്രഭാഷകരുടെ മേൽനോട്ട സമിതിയിലെ അംഗവുമായിരുന്നു അദ്ദേഹം.

1935-ൽ അൽ-ഖസീമിലാണ് ശൈഖ് അൽ-ഫൗസാൻ ജനിച്ചത്. ബുറൈദയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, റിയാദിലെ കോളേജ് ഓഫ് ശരീഅത്തിൽ നിന്ന് ഫിഖ്ഹിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടി.

പിന്നീട്, അദ്ദേഹം ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയുടെ ഡയറക്ടറായി നിയമിതനായി. 1992-ൽ സ്ഥിരം പണ്ഡിത ഗവേഷണ സമിതിയിൽ അംഗമായ ശേഷം ഇന്നുവരെ ആ സ്ഥാനത്ത് തുടർന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ശൈഖ് അൽ-ഫൗസാൻ, പ്രശസ്തമായ ‘നൂർ അലാ അൽ-ദർബ്’ ഉൾപ്പെടെയുള്ള റേഡിയോ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa