Friday, March 6, 2026
Saudi ArabiaTop Stories

മലയാളിക്കായി പറന്നിറങ്ങി സൗദിയുടെ കാരുണ്യം; സ്ട്രോക്ക് വന്ന മുസ്തഫക്ക് ലഭിച്ചത് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അവിസ്മരണീയ കരുതൽ

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം കോഴിച്ചെന സ്വദേശി മുസ്തഫയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി പറന്നിറങ്ങിയത് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ എയർ ആംബുലൻസ്.

റിയാദ് നഗരത്തിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ വാദി ദവാസറിൽ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്ന മുസ്തഫക്ക് താമസസ്ഥലത്ത് വെച്ച് രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്ന് സ്ട്രോക്ക് സംഭവിക്കുകയായിരുന്നു. കൂടെ മറ്റാരും ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകി.

വാദി ദവാസറിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, അടിയന്തര ശസ്ത്രക്രിയക്കായി അദ്ദേഹത്തെ റിയാദിലേക്ക് മാറ്റേണ്ടത് അത്യാവശ്യമായി വന്നു. ഇതിനായി കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.

മുസ്തഫയുടെ സഹോദരനും സാമൂഹ്യ പ്രവർത്തകനുമായ സിദ്ധീഖ് കോഴിച്ചെനയെ (കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ്) വിവരമറിയിക്കുകയും തുടർ നടപടികൾക്കുള്ള അനുമതി തേടുകയും ചെയ്തു.

വൈകാതെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട മെഡിക്കൽ സംഘവുമായി എയർ ആംബുലൻസ് വാദി ദവാസറിലെ ആഭ്യന്തര വിമാനത്താവളത്തിൽ എത്തി. മുസ്തഫയെ ഉടൻ തന്നെ റിയാദിലേക്ക് എത്തിച്ച് ചികിത്സ ആരംഭിച്ചു.

റിയാദിലെ ജീവകാരുണ്യ പ്രവർത്തകനായ സിദ്ധീഖ് തുവ്വൂരുമായി സിദ്ധീഖ് കോഴിച്ചെന ബന്ധപ്പെട്ടതിനെത്തുടർന്ന്, റിയാദിലെ തുടർ ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും യാത്രാ രേഖകളും സിദ്ധീഖ് തുവ്വൂർ സമയബന്ധിതമായി പൂർത്തിയാക്കി.

റിയാദിലെ ചികിത്സയ്ക്ക് ശേഷം കൂടുതൽ പരിചരണത്തിനായി മുസ്തഫയെ നാട്ടിലേക്ക് കൊണ്ടുപോവാൻ തീരുമാനിച്ചു. നിലവിൽ അദ്ദേഹം കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അന്യദേശക്കാരനായ തൻ്റെ സഹോദരന് ഒരു വിവേചനവുമില്ലാതെ, മാനുഷിക പരിഗണന നൽകി ജീവൻ തിരികെ നൽകിയ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ കരുതൽ മറക്കാനാവാത്തതാണെന്ന് സിദ്ധീഖ് കോഴിച്ചെന പറഞ്ഞു.

സൗദിയിൽ ലഭിച്ച സൗജന്യവും അതിവേഗത്തിലുള്ളതുമായ ചികിത്സയുടെ മൂല്യം ലക്ഷങ്ങൾ വരുമെന്ന് ഇപ്പോൾ നാട്ടിലെ സ്വകാര്യ ആശുപത്രിയിലെ ബില്ലുകൾ കാണുമ്പോൾ മുസ്തഫയും കുടുംബവും നന്ദിയോടെ ഓർക്കുന്നു.

മുസ്തഫയുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും സത്താർ ആലപ്പുഴ, അബ്ദുറഹ്മാൻ, നിയാസ് കൊട്ടപ്പുറം, സലിം പേരുക്കര, അൻവർ വെണ്ണക്കോട് ഉൾപ്പെടെയുള്ള മറ്റ് സുമനസ്സുകൾക്കും മുസ്തഫയുടെ കുടുംബം നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa