വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; സൗദിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു
ദമ്മാം: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം സ്വദേശിയായ പ്രവാസി മലയാളി ദമ്മാമിൽ മരണപ്പെട്ടു. കോട്ടയം മണർകാട് ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ് നിര്യാതനായത്.
ട്യൂഷന് പോയിരുന്ന മക്കളെ തിരികെ വീട്ടിലെത്തിക്കാൻ പോകുന്നതിനിടെയാണ് ലിബുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മാലിന്യശേഖരണ പെട്ടിയിൽ ഇടിച്ചുനിന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ ലിബു ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ പോലീസിനെ വിവരമറിയിക്കുകയും ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ നില വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്തതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ 12 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായിരുന്ന ലിബു, നിലവിൽ ദമ്മാമിൽ ഹമദ് എസ്. ഹാസ് വാസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എസ്.എം.സി (സൗദി മലയാളി സമാജം) യുടെയും സയോണിന്റെയും ഭാരവാഹിയായിരുന്നു ലിബു തോമസ്. കുടുംബസമേതം ദമ്മാമിലെ ആത്മീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ആലുമ്മൂട്ടിൽ പി.സി. തോമസ്, അന്നമ്മ തോമസ് എന്നിവരാണ് ലിബുവിന്റെ മാതാപിതാക്കൾ. ദമ്മാം കിങ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ മഞ്ജുഷയാണ് ഭാര്യ. ഏബൽ, ഡാൻ (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) എന്നിവരാണ് മക്കൾ.
ലിബുവിന്റെ ആകസ്മിക വിയോഗത്തിൽ സൗദി മലയാളി സമാജം, കനിവ് സാംസ്കാരിക വേദി, എസ്.എം.സി, സയോൺ ഭാരവാഹികൾ ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ലോകകേരളാസഭാംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കം നേതൃത്വം നൽകുന്നുണ്ട്. സംസ്കാരം പിന്നീട് കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
