ഇനി കാരവാനിൽ രാപാർക്കാം; ശൈത്യകാലത്തെ വരവേൽക്കാൻ ക്യാമ്പിംഗ് സൗകര്യം ഒരുക്കി സൗദി അറേബ്യ
സൗദിയിൽ സ്വകാര്യതയും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ട്, ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്‌മെൻ്റ് അതോറിറ്റി ‘കറവാനത്ത് അൽ ഹസ്കി’ എന്ന പേരിൽ പുതിയ താമസാനുഭവം അവതരിപ്പിച്ചു.
‘ദർബ് സുബൈദ വിൻ്റർ സീസൺ 2025’ൻ്റെ ഭാഗമായാണ്, പ്രകൃതി സംരക്ഷിത മേഖലയിൽ സുസജ്ജമായതും സംഘടിതവുമായ ഒരു താമസ സൗകര്യം അതോറിറ്റി ഒരുക്കിയിരിക്കുന്നത്.
ഈ പുതിയ കാരാവാൻ അനുഭവം, സന്ദർശകർക്ക് റിസർവ് ഏരിയയിലെ ശൈത്യകാലം പൂർണ്ണമായും ആസ്വദിക്കാൻ അവസരം നൽകുന്നു. കുടുംബങ്ങളുടെയും വ്യക്തികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് പ്രധാന ഓപ്ഷനുകളാണ് ഈ പ്രോഗ്രാം മുന്നോട്ട് വെക്കുന്നത്:
ഒറ്റ കാരവാൻ: നാല് പേർക്ക് താമസിക്കാൻ സൗകര്യമുള്ള യൂണിറ്റ്. ഇരട്ട കാരവാൻ: എട്ട് പേർക്ക് താമസിക്കാൻ സൗകര്യമുള്ള രണ്ട് യൂണിറ്റുകൾ. ട്രിപ്പിൾ കാരാവാൻ: 12 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് യൂണിറ്റുകൾ.
ഈ താമസ സൗകര്യങ്ങളെല്ലാം ഉയർന്ന നിലവാരത്തിലുള്ളതും ആഢംബര താമസാനുഭവം നൽകുന്നതുമായ സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രകൃതിയുടെ മടിത്തട്ടിൽ താമസ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് പരിസ്ഥിതി സൗഹൃദ ടൂറിസം (Eco-tourism) പ്രോത്സാഹിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ റിസർവിൻ്റെ സ്ഥാനവും പ്രാധാന്യവും വർദ്ധിപ്പിക്കാനും, എളുപ്പത്തിലുള്ള താമസ സൗകര്യവും സ്ഥലത്തിൻ്റെ സുഖവും സമന്വയിപ്പിച്ചുകൊണ്ട് പ്രകൃതി സംരക്ഷിത മേഖലകൾക്കുള്ളിൽ താമസിക്കുന്നതിനുള്ള ഒരു ഗുണപരമായ മാതൃക നൽകാനും ഈ പദ്ധതി സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
