തബൂക്കിന് പിന്നാലെ ഹായിലിലും, റിയാദിലും, ഖസീമിലും മഞ്ഞുവീഴ്ച; പരമ്പരാഗത നൃത്തച്ചുവടുകളുമായി മഞ്ഞിനെ വരവേറ്റ് പ്രദേശവാസികൾ (വീഡിയോ)
സൗദി അറേബ്യയിലെ തബൂക്കിലും നിയോം പദ്ധതിയായ ട്രോജിനയിലും ഉണ്ടായ മഞ്ഞുവീഴ്ചക്ക് പിന്നാലെ, ഹായിലിലും, റിയാദിലും, ഖസീമിലും ഇന്ന് മഞ്ഞ് പെയ്തു.
റിയാദ് മേഖലയുടെ വടക്ക് ഭാഗത്തുള്ള അൽ മജ്മ, അൽ ഘട്ട് ഗവർണറേറ്റുകളിൽ ആണ് ഇന്ന് രാവിലെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ കേന്ദ്രം ഇതിന്റെ വീഡിയോ എക്‌സിൽ പങ്കു വെച്ചു.
വടക്കൻ മേഖലയായ ഹായിലിൽ കഴിഞ്ഞ മണിക്കൂറുകളിൽ അനുഭവപ്പെട്ട ശക്തമായ മഞ്ഞുവീഴ്ച തദ്ദേശവാസികൾ ആഘോഷമാക്കി. ഹായിലിന്റെ പരമ്പരാഗത കലാരൂപമായ ‘സാമ്രി’ നൃത്തം ചുവടുവെക്കുന്ന സ്വദേശികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പ്രദേശത്ത് മഞ്ഞ് വീണതോടെ വൻതോതിൽ ആളുകൾ ഒത്തുകൂടുകയും കാറുകളുടെ ലൈറ്റുകൾ തെളിയിച്ച് പ്രകാശം പരത്തി ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്തു.
തണുത്തുറഞ്ഞ കാലാവസ്ഥയിലും ആവേശത്തോടെ താളാത്മകമായി ചുവടുവെക്കുന്ന യുവാക്കളെയും മുതിർന്നവരെയുമാണ് വീഡിയോയിൽ കാണുന്നത്. ഹായിൽ മേഖലയുടെ തനതായ സാംസ്കാരിക പൈതൃകമാണ് ‘സാമ്രി’ നൃത്തം.
പുരാതനമായ കവിതകൾ ഈണത്തിൽ പാടി, കൈകൊട്ടിയും താളാത്മകമായി നീങ്ങിയും അവതരിപ്പിക്കുന്ന ഈ കലാരൂപം ആഘോഷവേളകളിൽ അവിഭാജ്യഘടകമാണ്.
കഠിനമായ തണുപ്പിനെ പോലും അവഗണിച്ച് തങ്ങളുടെ സാംസ്കാരിക തനിമ മുറുകെപ്പിടിച്ചുകൊണ്ടുള്ള ഹായിൽ നിവാസികളുടെ ഈ ആഘോഷം നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി.
ഹായിൽ ഉൾപ്പെടെയുള്ള വടക്കൻ പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട ആഘോഷം നടന്നത്.
— فيديوهات منوعة (@EsmailBaher) December 18, 2025
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
