തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പും ശക്തമായ കാറ്റും; കിഴക്കൻ പ്രവിശ്യയിൽ കാറ്റിന്റെ ശക്തിയിൽ നിർത്തിയിട്ട ട്രക്ക് മറിഞ്ഞു (വീഡിയോ)

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം കടുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പും ശക്തമായ കാറ്റും തുടരുകയാണ്.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക്, ഹായിൽ, ഖസീം എന്നിവിടങ്ങളിൽ താപനില ക്രമാതീതമായി കുറഞ്ഞ് കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

ഈ ശൈത്യതരംഗം റിയാദ്, മദീന മേഖലകളിലേക്കും മക്ക, അൽ-ബാഹ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

കിഴക്കൻ പ്രവിശ്യയിലെ ഹറദിൽ വീശിയടിച്ച അതിശക്തമായ കാറ്റിൽ നിർത്തിയിട്ടിരുന്ന വലിയ ട്രക്ക് മറിഞ്ഞു. കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

രാത്രികാലങ്ങളിലും പുലർച്ചെയും പലയിടങ്ങളിലും മൂടൽമഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group