സൗദിയിലെ എല്ലാ ഗാർഹിക തൊഴിലാളികളുടെയും ശമ്പളം ഇനി ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴി മാത്രം; നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
സൗദി അറേബ്യയിലെ എല്ലാ ഗാർഹിക തൊഴിലാളികളുടെയും ശമ്പള വിതരണം ഇനി ഔദ്യോഗിക ഡിജിറ്റൽ ചാനലുകളിൽ കൂടി മാത്രം. പദ്ധതിയുടെ അവസാന ഘട്ടം 2026 ജനുവരി ഒന്നിന് നിലവിൽ വരും.
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പരിഷ്കാരം വിവിധ ഘട്ടങ്ങളിലായാണ് പ്രാബല്യത്തിൽ വന്നത്.
ഇതനുസരിച്ച്, 2025 ജനുവരി മുതൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു.
രണ്ടാം ഘട്ടമായി 2025 ജൂലൈ മുതൽ മൂന്നോ അതിലധികമോ തൊഴിലാളികളുള്ളവർക്കും, മൂന്നാം ഘട്ടമായി 2025 ഒക്ടോബർ മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർക്കും ഈ നിയമം ബാധകമായി.
ഒടുവിൽ, 2026 ജനുവരി ഒന്നിന് രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഈ ഡിജിറ്റൽ ശമ്പള വിതരണ സംവിധാനം പൂർണ്ണമാകും.
ബാങ്ക് അക്കൗണ്ടുകൾ വഴിയോ അംഗീകൃത ഡിജിറ്റൽ വാലറ്റുകൾ വഴിയോ ശമ്പളം കൈമാറുന്നത് വഴി ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കും.
മുസാനദ് പ്ലാറ്റ്‌ഫോം വഴി ഈ ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കപ്പെടുന്നത് ഗാർഹിക വിസയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ സുരക്ഷിതത്വം നൽകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
