Friday, March 6, 2026
Saudi ArabiaTop Stories

വിവിധ പ്രൊഫഷനുകളിൽ 60 ശതമാനം സ്വദേശി വൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ മാർക്കറ്റിംഗ്, സെയിൽസ് തസ്തികകളിലെ വിവിധ പ്രൊഫഷനുകളിൽ സ്വദേശിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കാൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു.

പുതിയ ഉത്തരവ് പ്രകാരം ഈ രണ്ട് മേഖലകളിലും 60 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക.

മാർക്കറ്റിംഗ് വിഭാഗത്തിൽ മാർക്കറ്റിംഗ് മാനേജർ, അഡ്വർടൈസിംഗ് മാനേജർ, അഡ്വർടൈസിംഗ് ഏജന്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, അഡ്വർടൈസിംഗ് ഡിസൈനർ, പബ്ലിക് റിലേഷൻസ് പ്രൊഫഷണലുകൾ, ഫോട്ടോഗ്രാഫർമാർ എന്നീ തസ്തികകളെ പുതിയ നിയമം ബാധിക്കും.

ഈ തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 സൗദി റിയാൽ മാസശമ്പളം ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

സെയിൽസ് വിഭാഗത്തിലും 60 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കും. പ്രധാനമായും സെയിൽസ് മാനേജർമാർ, റീട്ടെയിൽ – ഹോൾസെയിൽ സെയിൽസ് പ്രതിനിധികൾ, ഐടി – കമ്മ്യൂണിക്കേഷൻസ് ഉപകരണങ്ങളുടെ സെയിൽസ് സ്പെഷ്യലിസ്റ്റുകൾ, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റുകൾ എന്നീ തസ്തികകളിലാണ് നിയന്ത്രണം വരുന്നത്.

പ്രഖ്യാപനം വന്ന് മൂന്ന് മാസത്തിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ വിപണിയിൽ സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa