റിയാദ് മെട്രോയിൽ കുഞ്ഞ് പിറന്നു; മാതാപിതാക്കൾക്ക് മെട്രോയുടെ വക സർപ്രൈസ് സമ്മാനം, ജീവനക്കാരുടെ സമയോചിത ഇടപെടലിന് കൈയടി
റിയാദ് മെട്രോ ശൃംഖലയിൽ ആദ്യമായി ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് സൗദി തലസ്ഥാനത്തെ പൊതുഗതാഗത വകുപ്പ്. അൽ-അൻദലൂസ് സ്റ്റേഷനിൽ വെച്ചുണ്ടായ ഈ അപൂർവ്വ നിമിഷം മെട്രോ ജീവനക്കാർക്കും യാത്രക്കാർക്കും വൈകാരികമായ ഒരനുഭവമായി മാറി.
യാത്രയ്ക്കിടെ ഗർഭിണിയായ യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തര സാഹചര്യം ഉടലെടുക്കുകയായിരുന്നു.
മെട്രോയിലെ ഓപ്പറേറ്റിംഗ് ടീം അതീവ ജാഗ്രതയോടെയും മാനുഷിക പരിഗണനയോടെയും കൂടിയാണ് ഈ സാഹചര്യത്തെ സമീപിച്ചത്. ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ മെട്രോയിലെ വനിതാ ജീവനക്കാർ സാഹചര്യം ശാന്തമായി കൈകാര്യം ചെയ്തു.
യാതൊരു പരിഭ്രമവുമില്ലാതെ ജീവനക്കാർ കാണിച്ച പ്രൊഫഷണലിസം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മെട്രോ ടീമിനുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഈ സവിശേഷമായ ഓർമ്മ നിലനിർത്തുന്നതിനായി കുഞ്ഞിന്റെ മാതാപിതാക്കൾക്ക് റിയാദ് മെട്രോ പ്രത്യേക സമ്മാനങ്ങൾ നൽകി ആദരിച്ചു.
ഒരു വർഷത്തേക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന രണ്ട് ഒന്നാം ക്ലാസ് ‘ദർബ്’ (Darb) കാർഡുകളാണ് സമ്മാനമായി നൽകിയത്. കൂടാതെ, അടിയന്തര ഘട്ടത്തിൽ സമയോചിതമായി ഇടപെട്ട ജീവനക്കാരെ അധികൃതർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
