Friday, March 6, 2026
Saudi ArabiaTop StoriesU A E

അഭിപ്രായ വ്യത്യാസങ്ങൾ ബന്ധത്തെ ബാധിക്കില്ല; മേഖലയുടെ സ്ഥിരതയ്ക്ക് സൗദി-യുഎഇ ബന്ധം അത്യന്താപേക്ഷിതമെന്ന് സൗദി വിദേശകാര്യ മന്ത്രി

മേഖലയുടെ സുസ്ഥിരതയ്ക്ക് സൗദി അറേബ്യയും യുഎഇ യും തമ്മിലുള്ള ബന്ധം അത്യന്താപേക്ഷിതമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.

യമൻ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചില കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അവ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്, മിഡിൽ ഈസ്റ്റിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ സൗദിയും യു.എ.ഇയും തമ്മിലുള്ള സഹകരണം സുപ്രധാനമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

പോളണ്ട് സന്ദർശനത്തിനിടെ വാഴ്സോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പലസ്തീൻ, യമൻ, സുഡാൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങളിൽ സമാധാനപരമായ പരിഹാരം വേണമെന്ന കാര്യത്തിൽ സൗദിയും പോളണ്ടും സമാനമായ നിലപാടാണ് പങ്കുവെക്കുന്നത്.

ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങളെ പോളണ്ട് വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു. ഗാസയിലെ ഇസ്രായേൽ നടപടികളെ അപലപിച്ച അദ്ദേഹം, മിഡിൽ ഈസ്റ്റിൽ സൗദി അറേബ്യയാണ് പോളണ്ടിന്റെ ഏറ്റവും വലിയ പങ്കാളിയെന്നും കൂട്ടിച്ചേർത്തു.

പോളണ്ടുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേർന്ന് ഒരു സംയുക്ത കോർഡിനേഷൻ കൗൺസിൽ രൂപീകരിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സാമ്പത്തിക രംഗത്ത് പോളണ്ടുമായി കൂടുതൽ സഹകരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. നിലവിൽ 8 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa