Friday, March 6, 2026
Saudi ArabiaTop Stories

റഗ്ബി ഇതിഹാസം സണ്ണി ബിൽ വില്യംസ് മക്കയിൽ; താരം ഉംറ നിർവഹിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

റഗ്ബി ഇതിഹാസം സണ്ണി ബിൽ വില്യംസ് മക്കയിലെ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. ഹജറുൽ അസ്‌വദ് ചുംബിക്കുന്നതും കഅബയ്ക്ക് മുന്നിൽ പ്രാർത്ഥനാനിരതനായി നിൽക്കുന്നതുമായ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

“എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാളും അല്ലെങ്കിൽ ഞാൻ അർഹിക്കുന്നതിനേക്കാളും കൂടുതൽ അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിന് സ്തുതി” എന്ന് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

2009-ലാണ് സണ്ണി ബിൽ വില്യംസ് ഇസ്ലാം മതം സ്വീകരിച്ചത്. താരത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് ഫ്രാൻസിൽ വെച്ച് പരിചയപ്പെട്ട ഒരു ടുണീഷ്യൻ കുടുംബമാണ്.

ഒരു ചെറിയ മുറിയിൽ അഞ്ച് കുട്ടികളുമായി കഴിഞ്ഞിരുന്ന ആ കുടുംബത്തിന്റെ ലളിതമായ ജീവിതശൈലിയും അവരുടെ സന്തോഷവും കണ്ടതാണ് അദ്ദേഹത്തെ ഇസ്ലാമിനോട് അടുപ്പിച്ചത്.

താൻ അക്കാലത്ത് ജീവിതത്തിൽ നേരിട്ടിരുന്ന അസ്വസ്ഥതകൾക്കും അമിതമായ ആഡംബരങ്ങൾക്കും ഇടയിൽ ആ കുടുംബത്തിന്റെ ലാളിത്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പിൽക്കാലത്ത് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താൻ ആത്മീയത അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ് താൻ ഒരു മികച്ച മനുഷ്യനും പിതാവും കായികതാരവുമായി മാറിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ലോക കായിക ചരിത്രത്തിൽ തന്നെ അപൂർവ്വമായ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിത്വമാണ് സണ്ണി ബിൽ വില്യംസ്. ന്യൂസിലൻഡിനായി റഗ്ബി യൂണിയൻ, റഗ്ബി ലീഗ് എന്നീ രണ്ട് ഫോർമാറ്റുകളിലും അന്താരാഷ്ട്ര തലത്തിൽ കളിച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് അദ്ദേഹം.

2011, 2015 വർഷങ്ങളിൽ റഗ്ബി ലോകകപ്പ് നേടിയ ന്യൂസിലൻഡ് ടീമിലെ പ്രധാനിയായിരുന്നു. രണ്ട് തവണ ലോകകപ്പ് കിരീടം നേടുന്ന ലോകത്തിലെ ചുരുക്കം താരങ്ങളിൽ ഒരാൾ.

2016 റിയോ ഒളിംപിക്സിൽ ന്യൂസിലൻഡ് റഗ്ബി സെവൻസ് ടീമിനായി മത്സരിച്ചു. റഗ്ബിക്ക് പുറമെ പ്രൊഫഷണൽ ബോക്സിംഗിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ന്യൂസിലൻഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ പട്ടം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa