ഗൂഗിൾ ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സൈബർ സെക്യൂരിറ്റി സെന്റർ; അടിയന്തര സുരക്ഷാ അപ്‌ഡേറ്റിന് നിർദ്ദേശം
ഗൂഗിളിന്റെ വിവിധ സേവനങ്ങളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി.
ഗൂഗിളിന്റെ ചില സോഫ്റ്റ്‌വെയറുകളിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി ഉപയോക്താക്കൾ എത്രയും വേഗം അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
ഗൂഗിൾ ക്രോം (Google Chrome) ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളെ ബാധിക്കുന്ന ഈ സുരക്ഷാ ഭീഷണികൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
സിസ്റ്റങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളുടെ ഉപകരണത്തിൽ വൈറസുകളോ മറ്റ് മാൽവെയറുകളോ പ്രവർത്തിപ്പിക്കാനും രഹസ്യ വിവരങ്ങൾ ചോർത്താനും ഇത് കാരണമാകും.
വ്യക്തിഗത ഉപയോക്താക്കളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാലതാമസം കൂടാതെ അപ്‌ഡേറ്റുകൾ പൂർത്തിയാക്കണമെന്ന് സെന്റർ നിർദ്ദേശിച്ചു.
സൈബർ ആക്രമണങ്ങളിൽ നിന്ന് ഉപകരണങ്ങളെയും വിവരങ്ങളെയും സംരക്ഷിക്കുന്നതിനായി ഗൂഗിളിന്റെ ഔദ്യോഗിക ലിങ്കുകൾ വഴി മാത്രം അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.
ഗൂഗിൾ ഇതിനോടകം തന്നെ ഈ പിഴവുകൾ പരിഹരിച്ചുകൊണ്ടുള്ള സെക്യൂരിറ്റി പാച്ച് പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണിലെ പ്ളേസ്റ്റോറിൽ പോയി ഗൂഗിൾ ആപ്പുകളും സിസ്റ്റം വെബ് വ്യൂവും അപ്‌ഡേറ്റ് ചെയ്യുക.
കമ്പ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ബ്രൗസറിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് കുത്തുകളിൽ (Menu) ക്ലിക്ക് ചെയ്ത് Help -> About Google Chrome എന്നതിൽ പോയി ലേറ്റസ്റ്റ് വേർഷനാണെന്ന് ഉറപ്പുവരുത്തുക.
ഡാറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഇത്തരം സെക്യൂരിറ്റി അപ്‌ഡേറ്റുകൾ കൃത്യസമയത്ത് ചെയ്യുന്നത് വഴി സൈബർ ഭീഷണികളെ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
