Friday, March 6, 2026
Top StoriesWorld

ഇറാൻ തീരത്ത് നിന്ന് മാറാൻ അമേരിക്കൻ കപ്പലുകൾക്ക് മുന്നറിയിപ്പ്; സൈന്യം കപ്പലിൽ കയറിയാൽ ബലപ്രയോഗം ഒഴിവാക്കാൻ നിർദ്ദേശം

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ ചരക്ക് കപ്പലുകൾ ഇറാൻ സമുദ്രാതിർത്തിയിൽ നിന്ന് പരമാവധി അകലം പാലിക്കണമെന്ന് യുഎസ് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.

കഴിഞ്ഞ ആഴ്ച ഇറാൻ സൈന്യം ഒരു കപ്പലിനെ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷാവസ്ഥ കണക്കിലെടുത്താണ് പുതിയ മുന്നറിയിപ്പ്.

ഇറാൻ സൈന്യം അമേരിക്കൻ കപ്പലുകളിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മന്ത്രാലയം വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കാത്ത സാഹചര്യമാണെങ്കിൽ, അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ ചൂണ്ടിക്കാട്ടി കപ്പലിൽ കയറാനുള്ള അനുമതി കപ്പൽ ക്യാപ്റ്റൻ നിഷേധിക്കണം.

അനുമതി നിഷേധിച്ചിട്ടും ഇറാൻ സൈന്യം കപ്പലിൽ കയറുകയാണെങ്കിൽ ജീവനക്കാർ അവരെ ബലം പ്രയോഗിച്ച് തടയാൻ നിൽക്കരുത്.

എന്നാൽ ബലപ്രയോഗം നടത്താത്തത് അവരുടെ കടന്നുകയറ്റത്തിന് ജീവനക്കാർ നൽകുന്ന അനുമതിയോ അംഗീകാരമോ ആയി കണക്കാക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഹോർമുസ് കടലിടുക്കിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്ന കപ്പലുകൾ ഒമാന്റെ സമുദ്രാതിർത്തിയോട് ചേർന്ന് യാത്ര ചെയ്യാൻ ശ്രമിക്കണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.

നാവിക സുരക്ഷയെ ബാധിക്കാത്ത രീതിയിൽ ഇറാന്റെ അതിർത്തിയിൽ നിന്ന് എത്രത്തോളം ദൂരം പാലിക്കാമോ അത്രത്തോളം അകലം പാലിക്കണമെന്ന് മാരിടൈം അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ ഏത് നീക്കവും ആഗോള എണ്ണവിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa