തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCTop StoriesWorld

വിമാനത്തിനുള്ളിൽ കൂട്ടത്തല്ല്; രണ്ട് പേർക്ക് ആജീവനാന്ത വിലക്ക്, യുകെയിലേക്ക് പറന്ന വിമാനത്തിന് ബെൽജിയത്തിൽ അടിയന്തിര ലാൻഡിങ്

യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അരങ്ങേറിയ കൂട്ടത്തല്ലിനെത്തുടർന്ന്, വിമാനം അടിയന്തിര ലാൻഡിംഗ് നടത്തുകയും രണ്ടുപേർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

തുർക്കിയിലെ അന്റാലിയയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് ബജറ്റ് എയർലൈനായ ജെറ്റ് 2 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ യുകെയിലേക്ക് പറക്കുകയായിരുന്ന വിമാനം പൈലറ്റ് അടിയന്തരമായി ബെൽജിയത്തിൽ ലാൻഡ് ചെയ്തു.

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഒരു കൂട്ടം യാത്രക്കാർ തമ്മിൽ വാക്കേറ്റം ആരംഭിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സെക്കൻഡുകൾക്കുള്ളിൽ തന്നെ തർക്കം കൈയാങ്കളിയായി മാറി. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോയിൽ വിമാനത്തിനുള്ളിലെ ഭീകരമായ ദൃശ്യങ്ങൾ വ്യക്തമാണ്. പരസ്പരം ഇടിക്കുന്നതും ഒരാൾ മറ്റൊരാളുടെ കഴുത്തിന് ഞെക്കിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടതോടെ പൈലറ്റ് വിമാനം ബെൽജിയത്തിലെ ബ്രസൽസിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പ്രശ്നക്കാരായ രണ്ട് പേരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി ബെൽജിയം പോലീസിന് കൈമാറി. ഇതിനുശേഷമാണ് വിമാനം മാഞ്ചസ്റ്ററിലേക്ക് യാത്ര തുടർന്നത്.

സംഭവത്തെത്തുടർന്ന് ജെറ്റ് 2 വിമാനക്കമ്പനി കർശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രശ്നക്കാരായ രണ്ട് യാത്രക്കാർക്കും കമ്പനിയുടെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.

കൂടാതെ വിമാനം വഴിതിരിച്ചുവിട്ടത് മൂലം കമ്പനിക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം ഇവരിൽ നിന്ന് ഈടാക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ജെറ്റ് 2 അധികൃതർ വ്യക്തമാക്കി.

ഇത്തരം മോശം പെരുമാറ്റങ്ങളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് മറ്റ് യാത്രക്കാരോടും ജീവനക്കാരോടും ക്ഷമ ചോദിക്കുന്നതായും ജെറ്റ് 2 പ്രസ്താവനയിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group