നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസറോ? വാർത്ത പ്രചരിച്ചതോടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎം ഓഫീസ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎം ഓഫീസ്.
നെതന്യാഹുവിന് മാരകമായ പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന വാർത്തകൾ ഇസ്രായേലിലെ രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യവിവരങ്ങൾ വർഷങ്ങളായി ഔദ്യോഗികമായി പുറത്തുവിടാത്തതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി.
കഴിഞ്ഞ വർഷം ഡിസംബറിൽ നെതന്യാഹുവിനെ അതീവ രഹസ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ലേസർ ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രോഗാവസ്ഥ ഗുരുതരമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായത്. കൂടാതെ, 2024 ഏപ്രിലിൽ നടന്ന ഹെർണിയ ശസ്ത്രക്രിയയും 2023-ൽ ഹൃദയമിടിപ്പിലെ വ്യതിയാനം പരിഹരിക്കാൻ പേസ്‌മേക്കർ ഘടിപ്പിച്ചതും നെതന്യാഹുവിന് അധികാരത്തിൽ തുടരാനാകുമോ എന്ന ചോദ്യങ്ങൾ ഉയരാൻ കാരണമായി.
എന്നാൽ ഈ ആശങ്കകൾക്കെല്ലാം മറുപടിയുമായി ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് പ്രകാരം നെതന്യാഹുവിന് നിലവിൽ മൂത്രനാളിയിൽ ചെറിയ രീതിയിലുള്ള അണുബാധ ഉണ്ടെന്നും അതിനായി ആന്റിബയോട്ടിക് ചികിത്സ തേടുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദൈനംദിന ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അദ്ദേഹത്തിന് തടസ്സമില്ലെന്നും റിപ്പോർട്ട് ഉറപ്പുനൽകുന്നു.
പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട്, നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ ഇല്ലെന്ന് ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ നീക്കം ചെയ്ത ഗ്രന്ഥിയിലെ കോശങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ അവ ക്യാൻസർ ബാധിച്ചവയല്ലെന്ന് (Benign) കണ്ടെത്തിയിട്ടുണ്ട്.
ഹൃദയതാളം നിലനിർത്താൻ ഘടിപ്പിച്ച പേസ്‌മേക്കർ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹൃദയസംബന്ധമായ മറ്റ് പ്രശ്നങ്ങൾ നിലവിലില്ലെന്നും വിദഗ്ധർ അറിയിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം സാധാരണ നിലയിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
